പത്തനംതിട്ട: ടി ജെ നന്ദകുമാര്‍ ബിജെപി നേതാവും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അനില്‍ ആന്റണിക്കെതിരെ നടത്തിയ ആരോപണത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യന്‍. ‘സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിന് കാശു മേടിച്ചോ എന്നൊന്നും എനിക്ക് അറിഞ്ഞുകൂടാ. അങ്ങനെയൊന്നും ആരും എന്നോട് പറഞ്ഞിട്ടില്ല.
നന്ദകുമാര്‍ ഒരിക്കല്‍ എന്നെ സമീപിച്ച് അനില്‍ ആന്റണി കുറച്ച് പൈസ കൊടുക്കാനുണ്ട്. അത് കിട്ടിയില്ല, ചോദിച്ചിട്ട് തന്നില്ല എന്നു പറഞ്ഞു. അതിനാല്‍ പൈസ തരാന്‍ ഞാന്‍ പറയണമെന്നും നന്ദകുമാര്‍ ആവശ്യപ്പെട്ടു’. എന്നാല്‍ എത്ര രൂപയാണ് കിട്ടിനുള്ളതെന്നോ, എന്തിനാണ് പണം നല്‍കിയതെന്നോ തനിക്ക് അറിയില്ലെന്നും പിജെ കുര്യന്‍ പറഞ്ഞു.
‘ഈ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, ഇങ്ങനെ പൈസ കൊടുക്കാനുണ്ടെങ്കില്‍ അതു തിരികെ കൊടുക്കണമെന്ന് താന്‍ പറഞ്ഞു. അനില്‍ ആന്റണിയോടാണോ എ കെ ആന്റണിയോടാണോ അതു പറഞ്ഞതെന്ന് ഓര്‍മ്മയില്ല. എന്തായാലും ഈ രണ്ടുപേരില്‍ ഒരാളോടാണ് പറഞ്ഞത്. അത്രയും ഓര്‍മ്മയേ എനിക്കുള്ളൂ.
സിബിഐ കോണ്‍സല്‍ നിയമനമോ ഒന്നും അറിഞ്ഞുകൂടാ. എത്രലക്ഷം രൂപയാണ് എന്ന വിവരം എന്നോട് പറഞ്ഞതായി ഓര്‍മ്മയില്ലെന്നും’ പിജെ കുര്യന്‍ വ്യക്തമാക്കി.ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിനായിട്ടാണ് അനില്‍ ആന്റണിക്ക് 25 ലക്ഷം രൂപ നല്‍കിയതെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചത്.
സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത്ത് സിന്‍ഹയ്ക്ക് നല്‍കാനാണ് അനിലിന് പണം കൊടുത്തത്. നിയമനം ലഭിച്ചില്ല. പണം തിരികെ നല്‍കാന്‍ അനില്‍ തയ്യാറായില്ല. പി ജെ കുര്യനോട് കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പി ടി തോമസ് ഇടപെട്ടിട്ടാണ് ഗഡുക്കളായി പണം ലഭിച്ചത്. എന്‍ഡിഎ സര്‍ക്കാര്‍ വന്നപ്പോള്‍, പരാതികൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ പി ജെ കുര്യനാണ് പിന്തിരിപ്പിച്ചതെന്നും ടി ജെ നന്ദകുമാര്‍ ആരോപിച്ചിരുന്നു.
Read also :പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു: ചികിത്സാപിഴവെന്ന് ബന്ധുക്കൾ