നീണ്ട നാളത്തെ യുദ്ധത്തിനു ശേഷം പലസ്തീനിന്റെ പുണ്യനഗരമായ റഫ നഗരത്തെ ചുട്ട് ചാമ്പലാക്കാനുള്ള നീക്കം നടത്തുകയാണിപ്പോള്‍ ഇസ്രയേല്‍. നിരപരാധികളായ ആയിരങ്ങളുടെ ചോര വീണിട്ടും മതിയാകാതെ റഫ നഗരത്തെ കണ്ണുവെച്ചിരിക്കുന്ന ഇസ്രയേലിനോട് ലോകം ഉച്ചത്തില്‍ പറയുകയാണ് കൊല്ലരുതേയെന്ന്. സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും വാക്കുകള്‍ക്ക് ചെവികൊടുക്കാതെ ഇസ്രായേല്‍ ടാങ്കറുകളും മിസൈലുകളും പലസ്തീന്‍ മണ്ണില്‍ ചോര പടര്‍ത്തിക്കൊണ്ടേയിരിക്കുന്നു. മാസങ്ങളേറെയായി ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രയേല്‍ റഫ നഗരത്തെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല.
എതിര്‍പ്പുകള്‍ക്കിടയിലും ഗാസയിലെ റഫ നഗരം ആക്രമിക്കാന്‍ ഗൂഢ പദ്ധതി തയ്യാറാക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചെയ്തിരിക്കുന്നത്. ഇസ്രയേല്‍ പ്രതിരോധ സേനയെ റഫയില്‍ ആക്രമണം നടത്താന്‍ നിര്‍ബന്ധിക്കുകയാണ് നെതന്യാഹു. ഗാസയിലെ റഫ നഗരം ആക്രമിക്കാന്‍ ഇസ്രയേല്‍ ആക്രമണ പദ്ധതിക്ക് അംഗീകാരം നല്‍കിയെന്ന് നേരത്തെ നെതന്യാഹു വെളിപ്പെടുത്തിയിരുന്നു. ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് സഖ്യകക്ഷികള്‍ പോലും ആവശ്യപ്പെട്ടെങ്കിലും ഇത് ചെവിക്കൊള്ളാന്‍ നെതന്യാഹു തയ്യാറായില്ല. റഫയിലെ ആക്രമണത്തില്‍ നിന്നും പിന്തിരിയണമെന്ന് അമേരിക്കയും ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റഫയിലെ ഹമാസ് സേനയുടെ അവശിഷ്ടങ്ങളെ ഇല്ലാതാക്കാതെ ഇസ്രായേല്‍ തേടുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കാനാവില്ലെന്നാണ് നെതന്യാഹു പറയുന്നത്.
കുടിയൊഴിപ്പിക്കപ്പെട്ട 15 ലക്ഷത്തോളം പലസ്തീനികള്‍ കഴിയുന്ന പ്രദേശമാണ് റഫ. ഇവിടെ കരയാക്രമണം നടത്തുമെന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്. റഫയില്‍ ആക്രമണം നടത്താന്‍ തീയതി കുറിച്ചു വെച്ചതായും നെതന്യാഹു പറഞ്ഞിരുന്നു. റഫയില്‍ ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. റഫയില്‍ ആക്രമണം നടത്തിയാല്‍ ഉണ്ടാകുന്ന ദുരന്തത്തെ കുറിച്ച് ഐക്യരാഷ്ട്ര സംഘടനയും ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഫ ആക്രമിക്കുന്നത് തെറ്റായ നടപടിയാകുമെന്നാണ് ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക പോലും ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരെ സംരക്ഷിക്കാന്‍ പദ്ധതി വേണമെന്ന ആവശ്യവും അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്.
അതേസമയം, ഗാസയില്‍ ആക്രമണം നടത്തുന്നതിടെയും നെതന്യാഹു വലിയ രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. നെതന്യാഹുവിനെതിരെ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധമാണ് ഇസ്രയേലില്‍ നടന്നത്. ഹമാസ് തടവിലാക്കിയ ഇസ്രയേലികളെ ഇതുവരെ മോചിപ്പിക്കാന്‍ കഴിയാത്തതാണ് നെതന്യാഹുവിനെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രധാന കാരണം. നെതന്യാഹു രാജിവയ്ക്കണമെന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യം. പതിനായിരക്കണക്കിന് ആളുകളാണ് ഈ ആവശ്യം ഉന്നയിച്ച് തെരുവിലേക്കിറങ്ങിയത്.
ഇസ്രയേലും പാലസ്തീനും തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. ഇതിന് ഒന്നാം ലോക മഹായുദ്ധകാലത്തോളം പഴക്കമുണ്ട്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ പലസ്തീന്റെ നിയന്ത്രണം ബ്രിട്ടന്‍ ഏറ്റെടുത്തിരുന്നു. അന്ന് പാലസ്തീന് എന്നത് അറബ് വംശജര്‍ ഭൂരിപക്ഷവും ജൂതന്‍മാര്‍ ന്യൂനപക്ഷവുമായിരുന്ന ഭൂപ്രദേശമായിരുന്നു. ജൂതര്‍ക്ക് പലസ്തീനില്‍ രാഷ്ട്രമുണ്ടാക്കാന്‍ ബ്രിട്ടന്‍ ശ്രമം ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. പിന്നീട് 1920 കളിലും നാല്‍പതുകളിലും പലസ്തീനിലേക്ക് ജൂതന്‍മാരുടെ പ്രവാഹം ഉണ്ടായി. യൂറോപ്പില്‍ നിന്നും ഒട്ടേറെ പേര്‍ പലസ്തീനിലേക്ക് അഭയം തേടിയെത്തിയിരുന്നു.
1947 ല്‍ പലസ്തീനെ വിഭജിച്ച് ജെറുസലേം കേന്ദ്രമാക്കി ജൂതന്‍മാര്‍ക്കായി ഒരു രാജ്യവും അറബ് വംശജര്‍ക്കായി മറ്റൊരു രാജ്യവും സ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ വോട്ടിട്ടു. ജൂതര്‍ ഇതിനെ തുണച്ചുവെങ്കിലും അറബ് വംശജര്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയതോടെ പദ്ധതി പാളി. പിന്നീട് 1948 ല്‍ ബ്രിട്ടണ്‍ പിന്‍മാറുകയും ഇസ്രയേല്‍ എന്ന രാജ്യം നിലവില്‍ വന്നതായി ജൂതന്‍മാര്‍ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ എതിര്‍ത്ത് പലസ്തീനികള്‍ രംഗത്തെത്തിയതോടെ യുദ്ധം ആരംഭിച്ചു. സമീപത്തെ അറബ് രാജ്യങ്ങള്‍ പലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സൈന്യത്തെ അയച്ചു. ആയിരക്കണക്കിന് പലസ്തീനികള്‍ പലായനം ചെയ്തു.
1949ലെ ഉടമ്പടി അനുസരിച്ച് ഗാസ മുനമ്പിന്റെ നിയന്ത്രണം ഈജിപ്ത് ഏറ്റെടുത്തു. 1956 ല്‍ സൂയസ് കനാലിന്റെ ദേശസാല്‍ക്കരണത്തോടെയാണ് വീണ്ടും പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇസ്രയേലിന്റെ കപ്പല്‍നീക്കങ്ങള്‍ കനാല്‍ ദേശസാല്‍ക്കരണം വഴി തടസപ്പെട്ടു. ഇതോടെ ഇസ്രയേല്‍ സിനായും ഗാസ മുനമ്പും പിടിച്ചെടുത്തു. സൈന്യത്തെ പിന്‍വലിക്കണമെന്ന് നവംബറില്‍ യുഎന്‍ ഇസ്രയേലിനോടും ബ്രിട്ടനോടും ഫ്രാന്‍സിനോടും ആവശ്യപ്പെട്ടു. 1957 ജനുവരിയില്‍ ഗാസ മുനമ്പൊഴികെയുള്ള പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങി. ഗാസ ഒരിക്കലും ഈജിപ്തിന്റേതായിരുന്നില്ലെന്നായിരുന്നു ഇസ്രയേല്‍ വാദിച്ചിരുന്നത്. 1967 ല്‍ നടന്ന യുദ്ധത്തില്‍ ഇസ്രയേല്‍ സിനായിലും ഗാസ മുനമ്പിലും ആധിപത്യം ഉറപ്പിച്ചു.
ഇതിന് മറുപടിയെന്നോണം ഈജിപ്തും സിറിയയും ഇസ്രയേലിന് നേരെ ആക്രമണം നടത്തി. 1976 ല്‍ നടന്ന യോം കിപ്പോര്‍ യുദ്ധത്തില്‍ 2,700 ഇസ്രയേലി സൈനികരാണ് കൊല്ലപ്പെട്ടത്. യുദ്ധക്കളത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് 1979 മാര്‍ച്ച് 26 ന് ഈജിപ്തും ഇസ്രയേലും വൈറ്റ്ഹൗസില്‍ വച്ച് സമാധാന ഉടമ്പടിയിലെത്തി. സിനായ് ഉപദ്വീപില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണായി പിന്‍മാറി. പലസ്തീന്‍ ജനതയ്ക്ക് സ്വയംഭരണം അനുവദിക്കപ്പെട്ടു. മൂന്ന് വര്‍ഷം കഴിഞ്ഞതോടെ യുഎസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്‍ പലസ്തീന് പൂര്‍ണസ്വാതന്ത്ര്യം അനുവദിക്കാമെന്ന നിര്‍ദേശം മുന്നോട്ട് വച്ചെങ്കിലും ഇസ്രയേല്‍ അത് തള്ളുകയായിരുന്നു.
1987ലാണ് ഹമാസ് പിറവിയെടുത്തത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലാണ് ഹമാസ് രൂപീകൃതമായത്. പിന്നീടങ്ങോട്ട് ചോരക്കളത്തിനും യുദ്ധക്കളത്തിനുമാണ് പലസ്തീനും ഇസ്രയേലും സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിനാളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. അനേകായിരം പേര്‍ക്ക് യുദ്ധക്കെടുതികളെ തുടര്‍ന്നുണ്ടായ നരകയാതകള്‍ നേരിടേണ്ടി വന്നു. എന്നാണ് ഇതിനൊരവസാനം എന്നറിയാതെ ഇന്നും യുദ്ധം തുടര്‍ന്നുകൊണ്ടിക്കുകയാണ്.