ആക്‌സിയോണ്‍ അവതരിപ്പിച്ച് ഗൂഗിൾ രംഗത്ത്

സ്വന്തം ഡാറ്റാ സെന്ററുകളില്‍ ഉപയോഗിക്കുന്നതിനായി ഗൂഗിള്‍ വികസിപ്പിച്ച ആദ്യ പ്രൊസസര്‍ ചിപ്പ് ആക്‌സിയോണ്‍ (Axion) പുറത്തിറക്കി. ചൊവ്വാഴ്ച ലാസ് വെഗാസില്‍ നടന്ന ക്ലൗഡ് നെക്സ്റ്റ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഗൂഗിള്‍ പുതിയ ചിപ്പ് അവതരിപ്പിച്ചത്.

ഇന്റല്‍,എന്‍വിഡിയ തുടങ്ങിയ കമ്പനികളെ മാത്രം ചിപ്പുകള്‍ക്കായി ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. സ്വന്തം സെര്‍വര്‍ പ്രൊസസറുകള്‍ വികസിപ്പിക്കുന്ന ആമസോണ്‍, അലിബാബ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളെ മാതൃകയാക്കിയാണ് ഗൂഗിളിന്റെ ഈ നീക്കം.

ബ്രിട്ടിഷ് സെമികണ്ടക്ടര്‍ കമ്പനിയായ ആമിന്റെ (ARM) നാനോവേഴ്‌സ് വി2 സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആക്‌സിയോണ്‍ ഒരുക്കിയിരിക്കുന്നത്. സ്വന്തമായി പ്രൊസസര്‍ ചിപ്പ് സാങ്കേതിക വിദ്യകള്‍ രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന കമ്പനിയാണ് ആം.

ആമിന്റെ സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കളാണ് ആപ്പിള്‍, ക്വാല്‍കോം പോലുള്ള കമ്പനികള്‍. ഇന്ന് വിപണിയിലുള്ള 99 ശതമാനം പ്രീമിയം സ്മാര്‍ട്‌ഫോണുകളും ആം സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇന്ന് ക്ലൗഡില്‍ ലഭ്യമായ ആം അധിഷ്ടിത വിര്‍ച്വല്‍ മെഷീനുകളേക്കാള്‍ 30 ശതമാനം മുതല്‍ 50 ശതമാനം വരെ മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമത ആക്‌സിയോണ്‍ ചിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. x 86 ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള വിര്‍ച്വല്‍ മെഷീനുകളേക്കാള്‍ 60 ശതമാനം വരെ മെച്ചപ്പെട്ട ഊര്‍ജക്ഷമതയും ചിപ്പ് വാഗ്ദാനം ചെയ്യുന്നു.

ഗൂഗിളിന്റെ തന്നെ ദൈനംദിന സേവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ചിപ്പ് ഉപയോഗിക്കാനാവും. ചിപ്പിന്റെ മറ്റ് സവിശേഷതകളൊന്നും ഗൂഗിള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല.

നിലവില്‍ യൂട്യൂബിന്റെ പരസ്യ വിതരണ പ്ലാറ്റ്‌ഫോം, ഗൂഗിള്‍ എര്‍ത്ത് എഞ്ചിന്‍, ബിഗ് ടേബിള്‍, ബിഗ് ക്വറി, ബ്ലോബ്‌സ്‌റ്റോര്‍ പോലുള്ള ഗൂഗിളിന്റെ മറ്റ് സേവനങ്ങള്‍ക്ക് വേണ്ടി ആക്‌സിയോണ്‍ ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഗൂഗിള്‍ ക്ലൗഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടിയും ആക്‌സിയോണ്‍ ചിപ്പ് ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.

സ്വന്തമായി സെര്‍വര്‍ പ്രൊസസര്‍ അവതരിപ്പിക്കാനുള്ള ഗൂഗിളിന്റെ നീക്കം. ക്ലൗഡ് രംഗത്തെ മത്സരം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുകയാണ്. ആമസോണ്‍, ഗൂഗിള്‍ പോലുള്ള കമ്പനികളുടെ ക്ലൗഡ് സെര്‍വറുകളെയാണ് ഭൂരിഭാഗം സ്ഥാപനങ്ങളും അവരുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി ആശ്രയിക്കുന്നത്.

2018 ല്‍ ആമസോണിന്റെ ക്ലൗഡ് സേവനമായ എഡബ്ല്യൂഎസ് അവരുടെ ഗ്രാവിറ്റോണ്‍ 1 പ്രൊസസര്‍ അവതരിപ്പിച്ചിരുന്നു. 2021 ല്‍ അലിബാബയും, 2023 ല്‍ മൈക്രോസോഫ്റ്റും സ്വന്തം എഐ ചിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More  കിടിലം ഫീച്ചറുകളുമായി വിവോ വി30 ലൈറ്റ് 4ജി വരുന്നു