ടെക് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് യുഎസ് ഇലക്ട്രോണിക്‌സ് ബ്രാൻഡായ ആപ്പിൾ. അടുത്തിടെയായി ആപ്പിൾ ഇന്ത്യയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഉത്പാദന ജോലികൾ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു നിർണായക നീക്കം കൂടി ആപ്പിളിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുകയാണ്. രാജ്യത്തെ ഫാക്ടറി ജീവനക്കാർക്കായി താമസസൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതിയാണ് ആപ്പിൾ മുന്നോട്ടുവെയ്ക്കുന്നത്. ഫോക്‌സ്‌കോൺ, ടാറ്റ, സാൽകോംപ് ഉൾപ്പടെയുള്ള ആപ്പിളിന്റെ കരാർ നിർമാണ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് വേണ്ടി വീടുകൾ നിർമിക്കുമെന്നാണ് വിവരം. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാവും വീടുകളുടെ നിർമാണം നടക്കുന്നത്.
78000 ത്തിലേറെ നിർമ്മിക്കാനാണ് ആപ്പിളിന്റെ പദ്ധതി. ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിക്കുന്നത് തമിഴ്‌നാട്ടിലായിരിക്കും. 58000 വീടുകൾ തമിഴ്നാട്ടിൽ നിർമ്മിക്കുമെന്നാണ് വിവരം. ഈ പദ്ധതി യാഥാർത്ഥ്യമായാൽ ഏറ്റവും വലിയ പൊതു-സ്വകാര്യ സംരംഭമാവും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂരിഭാഗം വീടുകളുടെയും നിർമാണം നടത്തുക തമിഴ്‌നാട്ടിലെ സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷനായിരിക്കും. ടാറ്റ ഗ്രൂപ്പും, എസ്പിആർ ഇന്ത്യയും നിർമാണത്തിൽ പങ്കാളിയാവും.
പദ്ധതിയ്ക്ക് കേന്ദ്രസർക്കാരിൽ നിന്ന് 10 മുതൽ 15 ശതമാനം വരെ ധനസഹായം ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. സംസ്ഥാന സർക്കാരുകളും സംരംഭകരുമാണ് ബാക്കി തുക നൽകുന്നത്. 2025 മാർച്ച് 21 ന് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ഉല്പാദന ജോലികൾ വർധിപ്പിച്ചതിലൂടെ ആപ്പിൾ സൃഷ്ടിച്ചത് 1.5 ലക്ഷം തൊഴിലവസരങ്ങളാണ്.
ഉപഭോക്താവിന്റെ സ്വകാര്യ സംരക്ഷണമാണ് ആപ്പിൾ എന്ന ബ്രാൻഡിനെ കൂടുതൽ ജനപ്രീയമാക്കുന്നത്. ആപ്പിൾ കമ്പനി പുറത്തിറക്കുന്ന ഐഫോണുകളുടെ ഏറ്റവും പ്രധാന സവിശേഷതയും ഇത് തന്നെയാണ്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷന് വളരെയധികം പ്രാധാന്യം നൽകിയാണ് ആപ്പിൾ പ്രവർത്തിക്കുന്നത്.