തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തെപ്പറ്റി ഒന്നും മിണ്ടാത്തത് വിസ്മയകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എട്ടു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളോട് പറയേണ്ട മുഖ്യമന്ത്രി അതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. പറായാന്‍ കഴിയാത്ത തരത്തില്‍ പരമദയനീയമായ അവസ്ഥയിലേക്ക് കേരളം കൂപ്പുകുത്തിയിരിക്കുകയാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അവകാശമല്ലെന്നാണ് കഴിഞ്ഞ ദിവസം കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത്. അങ്ങനെയൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത് എങ്ങനെയാണ്? പെന്‍ഷന്‍ അവകാശമല്ലെങ്കില്‍ പിന്നെ വയോധികര്‍ക്കും അഗതികള്‍ക്കും വിവധകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമാണോ സമൂഹിക സുരക്ഷാ പെന്‍ഷനെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്തു മുഖാമുഖം പരിപാടിയില്‍ ചോദിച്ചു.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക നില്‍ക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സാമൂഹിക ക്ഷേമ പരിപാടികള്‍ ആവിഷ്‌ക്കരിക്കേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. എട്ട് വര്‍ഷമായി അധികാരത്തില്‍ ഇരിക്കുന്ന പിണറായി വിജയനെ ഭരണഘടനാപരമായകടമയെ കുറിച്ച് ഓര്‍മ്മിപ്പിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ട്. പെന്‍ഷന്‍ നല്‍കുകയെന്നത് ക്ഷേമ രാഷ്ട്രത്തിന്റെ കടമയാണ്, അല്ലാതെ മുഖ്യമന്ത്രിയുടെ ഔദാര്യമല്ല. എട്ട് മാസം കുടിശികയാക്കിയിട്ടും ഞങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ തരുമെന്ന് പാവങ്ങളോട് പറയാന്‍ സര്‍ക്കാരിന് എങ്ങനെ സാധിക്കും? ഒരു കോടി ആളുകള്‍ക്കാണ് കുടിശിക നല്‍കാനുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, 1500 കോടി രൂപ കുടിശികയായതിനെ തുടര്‍ന്ന് കാരുണ്യ കാര്‍ഡ് ആശുപത്രികളില്‍ സ്വീകരിക്കുന്നില്ല. കേരളത്തില്‍ പാവങ്ങള്‍ക്ക് ആശുപത്രിയില്‍ പോകാനാകാത്ത സ്ഥിതിയാണ്. സപ്ലൈകോയ്ക്ക് 4000 കോടിയാണ് നല്‍കാനുള്ളത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 40000 കോടി നല്‍കാനുണ്ട്.
21 ശതമാനം ഡി.എ കുടിശികയില്‍ രണ്ട് ശതമാനം തിരഞ്ഞെടുപ്പ് കഴിഞ്ഞ് നല്‍കാമെന്ന് പറഞ്ഞെങ്കിലും ബാക്കി നല്‍കാനുള്ള 19 എണ്ണത്തെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. കരാറുകാര്‍ക്ക് 16000 കോടിയാണ് നല്‍കാനുള്ളത്. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റും സ്‌കോളര്‍ഷിപ്പും നല്‍കുന്നില്ല. 2020 മുതല്‍ എല്‍.എസ്.എസ് യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് മുടങ്ങി. ഉച്ചക്കഞ്ഞിക്കുള്ള പണം അഞ്ച് മാസമായി പ്രധാനാധ്യാപര്‍ക്ക് നല്‍കുന്നില്ല. ഇതാണ് സര്‍ക്കാരിന്റെ അവസ്ഥ. അതുകൊണ്ടാണ് മുഖ്യമന്ത്രി കേരളത്തെക്കുറിച്ച് ഒന്നും പറയാതെ കഴിഞ്ഞ ഒരു മാസമായി രാഹുല്‍ ഗാന്ധിയെ കുറിച്ചും കോണ്‍ഗ്രസിനെ കുറിച്ചും മാത്രം സംസാരിക്കുന്നത്.
ഫാഷിസ്റ്റ് വര്‍ഗീയ സര്‍ക്കാരിനെ താഴെയിറക്കുന്നതിന് വേണ്ടി രൂപീകരിച്ച ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി ആശയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടപിടിച്ചു കൊടുക്കുകയാണ്. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇല്ലാതെ സംഘപരിവാര്‍ ഭരണകൂടത്തെ എങ്ങനെയാണ് താഴെയിറക്കുന്നത്? 19 സീറ്റില്‍ മത്സരിക്കുന്ന സി.പി.എമ്മാണോ സംഘപരിവാറിനെ താഴെയിറക്കാന്‍ പോകുന്നത്? കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ നട്ടാല്‍ കുരുക്കാത്ത നുണകള്‍ ആവര്‍ത്തിക്കുന്ന പിണറായി വിജയന്‍ ബി.ജെ.പിയെ പ്രീതിപ്പെടുത്തുകയാണ്. ചുറ്റും കേന്ദ്ര ഏജന്‍സികള്‍ നില്‍ക്കുന്നതു കൊണ്ട് പിണറായി വിജയന് ഭയമാണ്. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. പേടിച്ചാണ് പിണറായി മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത്.
കേരളത്തിന്റെ പരിതാപകരമായ അവസ്ഥ പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? 56700 കോടി രൂപ കേന്ദ്രം കേരളത്തിന് തരാനുണ്ടെന്ന് നവ കേരള സദസിലൂടെ സംസ്ഥാനം മുഴുവന്‍ നടന്ന് പ്രസംഗിച്ചു. കള്ളക്കണക്കാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ തെളിയിച്ചു. പിന്നാലെ സുപ്രീം കോടതിയില്‍ കേരളം നല്‍കിയ ഹര്‍ജിയിലും 56700 കോടിയെ കുറിച്ച് ഒന്നും മിണ്ടിയില്ല. നാല് ലക്ഷം കോടി കടത്തിലായ കേരളത്തിന് ഇനിയും കടമെടുക്കാന്‍ അനുമതി നല്‍കണമെന്നതു മാത്രമായിരുന്നു ഹര്‍ജിയിലെ ആവശ്യം. 56700 കോടി കിട്ടാനുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ ജനങ്ങളെയാകെ കബളിപ്പിക്കുകയായിരുന്നു. കേരളത്തിലെ സാമ്പത്തിക ദുരന്തം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ നടപടികളെ തുടര്‍ന്നാണെന്ന പ്രതിപക്ഷ വാദം അടിവരയിടുന്നതായിരുന്നു സുപ്രീം കോടതി വിധി. എന്നാല്‍ ഇതിനൊന്നും മറുപടിയില്ലാത്ത മുഖ്യമന്ത്രി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ മാത്രമാണ് സംസാരിക്കുന്നത്.
സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും ഭരണവിരുദ്ധ വികാരം പ്രകടമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി വോട്ട് ചോദിക്കാനാകാത്ത സാഹചര്യമാണ്. ഒരു കോടി ആളുകള്‍ക്കാണ് പെന്‍ഷന്‍ കിട്ടാനുള്ളത്. എല്ലാ വീടുകളിലും ഈ സര്‍ക്കാരിന്റെ ഭരണത്തിന് ഇരയായ ഒരാളെങ്കിലുമുണ്ട്. വന്യമൃഗ ശല്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. 7000 പേര്‍ക്കാണ് നഷ്ടപരിഹാരം കിട്ടാനുള്ളത്. കൃഷി പൂര്‍ണമായും നശിച്ച് ജപ്തിയുടെ വക്കിലാണ് കര്‍ഷകര്‍.
ഇരുപതില്‍ ഇരുപതിലും യു.ഡി.എഫ് ജയിക്കും. കോട്ടയവും ആലപ്പുഴയും തിരിച്ചുപിടിക്കും. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് കേരളത്തില്‍ മത്സരം നടക്കുന്നത്. എന്നാല്‍ ഇടമില്ലാത്ത ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. അതുകൊണ്ടാണ് ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നും നല്ല സ്ഥാനാര്‍ത്ഥികളാണ് അവരുടേതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞത്. ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തുമെങ്കില്‍ അവിടെയൊക്കെ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താകും. രാജീവ് ചന്ദ്രശേഖറും ഇ.പി ജയരാജനും തമ്മില്‍ ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടെന്ന പ്രതിപക്ഷ ആരോപണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് രണ്ടു പേരും സമ്മതിച്ചു.
എല്‍.ഡി.എഫ് ഒരിക്കലും കേരളത്തിന് യു.ഡി.എഫിന് വോട്ട് ചെയ്തിട്ടില്ല. മതേതര കേരളത്തിലെ വിവിധ പാര്‍ട്ടികളിലുള്ള മതേതര വിശ്വാസികള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ഉത്തമരായ കമ്മ്യൂണിസ്റ്റുകാരുടെ വോട്ടും യു.ഡി.എഫിന് കിട്ടും. കമ്മ്യൂണിസത്തിന്റെ അടിവേര് പിണറായി വിജയന്‍ അറുക്കുകയാണെന്ന ബോധ്യം അവര്‍ക്കുണ്ട്. പൂര്‍ണമായ വലതുപക്ഷ വ്യതിയാനമാണ് കേരളത്തിലെ സര്‍ക്കാരിനുള്ളതെന്ന ബോധ്യമുള്ളതിനാല്‍ കമ്മ്യൂണിസ്റ്റ് സഹയാത്രികരുടെ വോട്ടും യു.ഡി.എഫിന് കിട്ടും. മതേതര കേരള സടകുടഞ്ഞെഴുന്നേറ്റ് യു.ഡി.എഫിന് വോട്ട് ചെയ്യും. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ഫാഷിസത്തിന് എതിരായ പോരാട്ടം എന്താകുമെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി മതേതര കേരളത്തിനുണ്ടെന്ന് പിണറായി വിജയനെ ഓര്‍മ്മപ്പെടുത്തുന്നു.