കള്ളന്‍ ബസിലുണ്ടോ ?: 48 കോടിയുടെ കേസുമായി മഹാവോയേജ് കമ്പനി; ഞെട്ടല്‍ മാറാതെ KSRTC (എക്‌സ്‌ക്ലൂസീവ്)

വാടക സ്‌കാനിയ ബസുകള്‍ തിരികെ കൊടുത്തപ്പോള്‍ എന്തുകൊണ്ട് കരാര്‍ അവസാനിച്ചില്ല, മറുപടി പറയണം മന്ത്രീ

ഇടിവെട്ടിയവനെ പാമ്പു കടിച്ചതു പോലെ, കടക്കെണിയില്‍ നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സിക്കെതിരേ മഹാ വോയേജ് കമ്പനിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്. സ്‌കാനിയ ബസുകളുടെ വാടക ഇത്തില്‍ 48 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് ദിവസങ്ങള്‍ക്കു മുമ്പ് കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് മഹാവോയേജ് കമ്പനി വക്കീല്‍ നോട്ടീസ് അയച്ചത്. ഇതേ തുടര്‍ന്ന് മഹാവോയേജുമായി കെ.എസ്.ആര്‍.ടി.സി നടത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ പൊടിതട്ടിയെടുക്കുന്നതിന് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു കഴിഞ്ഞു.

2017 നവംബര്‍ ഒന്നിനാണ് മഹാരാഷ്ട്രയിലെ എന്‍.സി.പി നേതാവിന്റെ മഹാവോയേജ് എന്ന കമ്പനിയുമായി കെ.എസ്.ആര്‍.ടി.സി കരാറില്‍ ഏര്‍പ്പെടുന്നത്. പത്ത് സ്‌കാനിയ ബസുകള്‍ വാടകയ്ക്ക് എടുക്കാനായിരുന്നു കരാര്‍. അഞ്ചു വര്‍ഷത്തെ കരാര്‍ കഴിഞ്ഞാല്‍ വണ്ടികള്‍ തിരികെ കമ്പനിക്കു നല്‍കണം. ഇതനുസരിച്ച് 2022 നംവംബര്‍ ഒന്നിന് ബസുകള്‍ കമ്പനി തിരിച്ചെടുക്കുകയും ചെയ്തു. അന്നു തന്നെ കമ്പനിയുമായുള്ള കരാറുകള്‍ അവസാനിക്കേണ്ടതാണ്.

എന്നാല്‍, വാടക കരാറും, സാമ്പത്തിക ഇടപാടുകളും തീര്‍ത്തിട്ടല്ല, വാഹനങ്ങള്‍ ഏല്‍പ്പിച്ചത് എന്നാണ് മഹാ വോയേജ് കമ്പനിയുടെ വക്കീല്‍ നോട്ടീസിലൂടെ തെളിയുന്നത്. കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷവും മൂന്നു
മാസവും കഴിഞ്ഞപ്പോഴാണ് കെ.എസ്.ആര്‍.ടി.സി നല്‍കാനുള്ള പണത്തിനായി മഹാവോയേജ് കമ്പനി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ആകെ 48 കോടി രൂപയാണ് ആവശ്യപ്പെടുന്നത്. അതായത്, കെ.എസ്.ആര്‍.ടി.സി വാടകയിനത്തില്‍ മഹാവോയേജ് കമ്പനിക്ക് ഇതുവരെ ഒരു പൈസയും കൊടുത്തില്ല എന്നര്‍ത്ഥം.

അഥവാ, കൊടുത്തിട്ടുണ്ടെങ്കില്‍ ആ പണം കമ്പനിക്ക് ലഭിച്ചിട്ടില്ല. അതുമല്ലെങ്കില്‍ മഹാവോയേജ് കമ്പനിക്കാര്‍ പച്ചക്കള്ളം സമര്‍ദ്ധിക്കാന്‍ ശ്രമിക്കുന്നു. ഇതൊക്കെയാണ് ഈ വിഷയത്തില്‍ സംഭവിക്കാനുള്ള പ്രധാന സാധ്യതകള്‍. കരാര്‍ പ്രകാരമുള്ള ഇടപാടുകള്‍ സുതാര്യമല്ല എന്നുള്ളതും, എന്‍.സി.പി. നേതാക്കളുടെ ഇടപെടലുകളും, അന്നത്തെ മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ അത്യുത്സാഹവുമെല്ലാം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

സ്‌കാനിയ ബസുകള്‍ക്ക് കിലോമീറ്ററിന് നിശ്ചിത തുകയാണ് കമ്പനിക്ക് നല്‍കേണ്ടിയിരുന്നത്. വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍ മഹാവോയേജിന്റേതാണ്. കണ്ടക്ടര്‍ കെ.എസ്.ആര്‍.ടി.സിയുടേതും. തോമസ് ചാണ്ടി ഗതാഗതമന്ത്രിയായിരിക്കെയാണ് ഈ കരാര്‍ പ്രകാരം സ്‌കാനിയ ബസ് എത്തിയത്. ബസുകള്‍ തിരുവനന്തപുരം-ബാംഗളൂരു അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തി.

ഒരു സ്‌കാനിയ ബസിനു ഏകദേശം 95 ലക്ഷം രൂപ വിലവരുന്നുണ്ട്. അങ്ങനെ പത്തു സ്‌കാനിയ ബസ് വാങ്ങിക്കുകയാണെങ്കില്‍ പത്തുകോടി രൂപയാണ് വിലവരിക. എന്നാല്‍, ലീസിന് എടുത്തതു വഴി കെ.എസ്.ആര്‍.ടി.സി 38 സ്‌കാനിയ ബസുകള്‍ വാങ്ങേണ്ട പണം അധികമായി മഹാവോയേജ് കമ്പനിക്കു നല്‍കേണ്ടി വരികയാണ്. കെ.എസ്.ആര്‍.ടി.സിയുടെ ലീഗല്‍ സെക്ഷന്‍, പഴയ സ്‌കാനിയ ബസുകളുടെ എല്ലാ വിവരങ്ങളും ആവശ്യപ്പെട്ടിരിക്കുകയാണ്.

മഹാവോയേജ് കമ്പനി ഫയല്‍ ചെയ്തിരിക്കുന്ന കേസിന് മറുപടി നല്‍കണമെങ്കില്‍ സ്‌കാനിയയുടെ ഓരോ ദിവസത്തെ ഓട്ടത്തിന്റെയും വിവരങ്ങള്‍ ആവശ്യമായിരിക്കുകയാണ്. എന്നാല്‍, വാടകയ്ക്കെടുത്ത സ്‌കാനിയ ബസിന്റെ ആദ്യ ഓട്ടം തന്നെ വലിയ നഷ്ടത്തിലായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. തിരുവനന്തപുരം-ബംഗളൂരു സര്‍വീസ് (ബത്തേരി വഴി ഉച്ചയ്ക്ക് രണ്ടിനു പുറപ്പെട്ടത്) കന്നിയോട്ടം പൂര്‍ത്തിയാക്കി തിരിച്ചെത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സിക്കു നഷ്ടം 3906 രൂപയാണ്.

87,719 രൂപയായിരുന്നു കളക്ഷന്‍. 1575 കിലോമീറ്റര്‍ ഓടിയതിന് 36,225 രൂപ വാടക നല്‍കണം. 787.5 ലിറ്റര്‍ ഡീസലിന് 50,400 രൂപ (ഒരു ലിറ്റര്‍ ഡീസലിന് രണ്ടു കിലോമീറ്റര്‍). ബംഗളൂരു സര്‍വീസ് അഞ്ചു ഡ്യൂട്ടിയായി പരിഗണിച്ച് 5000 രൂപ കണ്ടക്ടര്‍ക്കു നല്‍കണം. അങ്ങനെ മൊത്തം ചെലവ് 91,625 രൂപ ആയി. ഇനി, വൈകിട്ട് അഞ്ചിനു പുറപ്പെട്ട തിരുവനന്തപുരം- ബംഗളൂരു ബസിന്റെ കളക്ഷന്‍ 73,681 രൂപയായിരുന്നു. ഈ സര്‍വീസ് 17,944 രൂപ നഷ്ടമുണ്ടാക്കി.

നാഗര്‍കോവില്‍ വഴി ബംഗളൂരു (1604 കി.മി) സര്‍വീസ് നടത്തിയ ബസിന്റെ കളക്ഷന്‍ 51,428 രൂപയും, തിരുവനന്തപുരം-മൂകാംബിക(1633കി.മി) ബസിന്റെ കളക്ഷന്‍ 61,574 രൂപയുമാണ്. 20,000 രൂപയ്ക്കു മുകളിലാണ് ഈ സര്‍വീസുകളുടെയും നഷ്ടം. കെ.എസ്.ആര്‍.ടി.സിയുടെ 28 സ്‌കാനിയ ബസുകള്‍ ഗ്യാരേജില്‍ ഒതുക്കിയിട്ടിട്ടാണ് വാടക സ്‌കാനിയകള്‍ നിരത്തിലിറക്കിയത്. വാടകബസുകള്‍ ആദ്യദിനം തന്നെ നഷ്ടമായതോടെ ഗതാഗതമന്ത്രിയുടെയും കെ.എസ്.ആര്‍.ടി.സി. മുന്‍ എം.ഡി. എം.ജി. രാജമാണിക്യത്തിന്റെയും പദ്ധതിയില്‍ ജീവനക്കാര്‍ക്ക് ദുരൂഹത തോന്നിയിരുന്നു.

ശരാശരി 5000 രൂപ നഷ്ടം എന്നു കണക്കാക്കിയാല്‍ ഒരു മാസം വാടക വണ്ടികള്‍ വഴി കെ.എസ്.ആര്‍.ടി.സിക്ക് ഒന്നര ലക്ഷം രൂപ നഷ്ടമാകും. എന്നിട്ടും, വാടക വണ്ടികളെ കരാര്‍ പ്രകാരം അഞ്ചുവര്‍ഷം ഓടിച്ചു. മഹാവോയേജ് കമ്പനിക്ക് കെ.എസ്.ആര്‍.ടി.സി കരാര്‍ പ്രകാരമുള്ള പണം കൊടുക്കാതിരിക്കാന്‍ ഒരു വഴിയുമില്ല. കാരണം, ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തില്ലെങ്കിലും കടം തീര്‍ക്കാന്‍ ഒരു മടിയും കാട്ടാത്തവരാണ് മാനേജ്‌മെന്റും സര്‍ക്കാരും.

അപ്പോള്‍ കെ.എസ്.ആര്‍.ടി.സി കൊടുത്ത പണം മഹാവോയേജ് കമ്പനിക്ക് കിട്ടിയില്ലേ. അതെങ്ങോട്ടു പോയി. ആരൊക്കെയോ കമ്പിക്കും കെ.എസ്.ആര്‍.ടി.സിക്കും ഇടയില്‍ നിന്ന് കോടികള്‍ മുക്കിയിട്ടുണ്ടെന്നാണ് ബലമായ സംശയം. അത് എങ്ങനെയെന്നു മാത്രമേ അറിയേണ്ടതുള്ളൂ. അല്ലെങ്കില്‍ ഇത്രയും വലിയ തുക കടമുള്ള കാര്യം, എല്ലാമറിയുകയും വിളിച്ചു പറയുകയും ചെയ്യുന്ന ഗണേഷ് മന്ത്രി അറിയാതെ പോകുന്നതെങ്ങനെ.

അപ്പോള്‍ മഹാവോയേജ് കമ്പനിക്ക് 48 കോടി രൂപ കൊടുക്കാനുണ്ടെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. അതായത്, അങ്ങനെയൊരു കടം വരാന്‍ യാതൊരു സാധ്യതയുമില്ലെന്നര്‍ത്ഥം. കമ്പനിക്ക് കൊടുക്കാന്‍ ഇത്രയും വലിയ തുക ബാധ്യതയിട്ടിട്ട് എന്‍.സി.പിക്കാരനായ മന്ത്രി അടങ്ങിയിരിക്കില്ലെന്നുറപ്പാണ്. അച്‌നു കാരണം, കെ.എസ്.ആര്‍.ടി.സി തകര്‍ന്നാലും എന്‍.സി.പി. നേതാവിന്റെ കമ്പനിക്ക് നഷ്ടം വരരുതെന്ന ചിന്തതന്നെ.

മഹാരാഷ്ട്രയിലെ എന്‍.സി.പി. നേതക്കള്‍ക്കു വേണ്ടിയാണ് സ്‌കാനിയ ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാന്‍ എന്‍.സി.പിക്കാരനായ അന്നത്തെ ഗതാഗതമന്ത്രി തോമസ് ചാണ്ടി തീരുമാനിച്ചതു പോലും. മഹാവോയേജ് കമ്പനിയില്‍ നിന്നുള്ള സ്‌കാനിയ ബസുകള്‍ക്കു വാടക നിശ്ചയിച്ചതില്‍ മന്ത്രിക്കു സാമ്പത്തിക നേട്ടമുണ്ടെന്ന് അന്നേ ആക്ഷേപം ഉണ്ടായിരുന്നതുമാണ്.

എന്‍.സി.പി. മുംബൈ മേഖലാ സെക്രട്ടറി നന്ദര്‍ പുരുഷോത്തമന്‍ മാനേയുടെ സഹോദരന്‍ വിക്രം പുരുഷോത്തമന്‍ മാനേയ്ക്കു പങ്കാളിത്തമുള്ള കമ്പനിയാണ് മഹാവോയേജ്. എന്‍.സി.പി. മുംബൈ ഘടകത്തിലെ നിരവധി നേതാക്കള്‍ക്ക് കമ്പനിയില്‍ പങ്കാളിത്തവുമുണ്ട്. സ്‌കാനിയകള്‍ ഓടുന്ന ഓരോ കിലോമീറ്ററിനും 23 രൂപയാണു വാടക.

ഇതില്‍ മൂന്നു രൂപ മന്ത്രിക്കുള്ള വിഹിതമാണെന്നായിരുന്നു ആക്ഷേപം. എന്നിട്ടും, മഹാവോയേജ് കമ്പനി 48 കോടിയുടെ വക്കീല്‍ നോട്ടീസ് അയക്കണമെങ്കില്‍, എവിടെയോ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ട് എന്നുതന്നെ വിശ്വസിക്കേണ്ടി വരും.

കൊള്ള ലാഭം കൊയ്യുന്ന മഹാരാഷ്ട്രാ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ മന്ത്രി തോമസ്ചാണ്ടി കെ.എസ്.ആര്‍.ടി.സി. എംഡിയെ സമ്മര്‍ദത്തിലാക്കിയിരുന്നു. ബസുകള്‍ വാങ്ങുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും വലിയ ബാധ്യതയുണ്ടാക്കുമെന്ന പേരിലാണ് പുതിയ പദ്ധതിയെന്ന നിലയില്‍ വാടക ബസുകളെ അവതരിപ്പിച്ചത്.

എല്ലാ മാസവും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്ത് ശമ്പളം നല്‍കുന്ന കെ.എസ്.ആര്‍.ടി.സിയെ വീണ്ടും കടക്കെണിയിലേക്കു തള്ളുന്നതാണ് വാടക ബസ് പദ്ധതിയെന്നാണ് ജീവനക്കാര്‍ അന്നും നിലപാടെടുത്തിരുന്നത്. ടോമിന്‍ ജെ. തച്ചങ്കരി സി.എം.ഡിയായി രുന്ന സമയത്താണ് 2018-ല്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായി പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസുകള്‍ വരുന്നത്.

ഇ-ടെന്‍ഡര്‍ വഴി മഹാരാഷ്ട്രയിലെ മഹാവോയേജ് ലഭ്യമാക്കിയ ഗോള്‍ഡ് സ്റ്റോണ്‍ ട്രാന്‍സ്‌പോര്‍ട്ട്‌സിന്റെ ബി.വൈ.ഡി എന്ന ചൈനീസ് കമ്പനി നിര്‍മ്മിച്ച ബസ്സുകളാണ് വാടക അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ ഓടിച്ചത്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 350 കിലോമീറ്റര്‍ ഓടുമെന്നായിരുന്നു അന്ന് കണക്കുകൂട്ടിയത്. ആ വര്‍ഷം ശബരിമല സീസണില്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ഇലക്ട്രിക് ബസ് ഓടിക്കുകയും ചെയ്തു.

ഒരു ഇലക്ട്രിക് ബസ് ഒരു ദിവസം പല ട്രിപ്പുകളിലായി സര്‍വീസ് നടത്തിയത് ശരാശരി 360 കിലോമീറ്റര്‍. ഒരു കിലോമീറ്ററില്‍ ഏകദേശം 110 രൂപ വരെ വരുമാനം ലഭിച്ചതായാണ് അന്ന് പറഞ്ഞത്. കരാര്‍ അനുസരിച്ച് ഒരു കിലോമീറ്റര്‍ ഓടുമ്പോള്‍ 48 രൂപയാണ് വാടകയിനത്തില്‍ ഇലക്ട്രിക് ബസുകള്‍ക്ക് നല്‍കേണ്ടിയിരുന്നത്. എന്നാല്‍, 400 കിലോമീറ്ററില്‍ കുറവായിരുന്നാല്‍ മാത്രമാണ് 48 രൂപ കിലോമീറ്ററിന് വാടകയായി നല്‍കേണ്ടിയിരുന്നത്.

400 കിലോമീറ്ററിന് മുകളില്‍ പോയാല്‍ അത് വാടക കിലോമീറ്ററിന് 56 രൂപയായി മാറും. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ ഓടുമെന്നായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും പരമാവധി ലഭിക്കുന്നത് 240-220 കിലോമീറ്റര്‍ മൈലേജായിരുന്നു. പലപ്പോഴും ബസുകള്‍ ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടന്ന വാര്‍ത്തകള്‍ പിന്നാലെ വന്നു. മാത്രമല്ല, ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ബസ് അനുയോജ്യമല്ല എന്ന വിലയിരുത്തലുമുണ്ടായി.

അതിന് പ്രധാന കാരണം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയമാണ്. ഒരുതവണ ചാര്‍ജ് ചെയ്യാന്‍ കുറഞ്ഞത് മൂന്നര മണിക്കൂര്‍ വേണ്ടിവരും. ഫുള്‍ ചാര്‍ജില്‍ ബസ് എറണാകുളത്ത് എത്തിയാലും വീണ്ടും ചാര്‍ജ് ചെയ്ത് യാത്രയ്ക്ക് സജ്ജമാകാന്‍ മൂന്നര മണിക്കൂര്‍ ബസ് മാറ്റിയിടേണ്ടി വരും.

മാത്രമല്ല ബസൊന്നിന് ശരാശരി 80,000 രൂപയോളം ചാര്‍ജിങ്ങിന് തന്നെ വേണ്ടിവരുമെന്ന വിലയിരുത്തലുമുണ്ടായി. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ ഇലക്ട്രിക് ബസ് ലാഭകരമല്ലെന്ന് കണക്കാക്കി. പിന്നാലെ വാടകയ്ക്ക് ഇലക്ട്രിക ബസെടുത്ത് ഓടിക്കുന്ന പരിപാടി കെ.എസ്.ആര്‍.ടി.സി വേണ്ടെന്ന് വെച്ചു.