മക്ക: മക്ക, മദീന ഹറം പള്ളികളിൽ റമസാൻ 29ന് രാത്രിയിൽ ഇശാ, തറാവീഹ് നമസ്കാരങ്ങളിൽ പങ്കെടുത്തത് 25 ലക്ഷത്തിലേറെ പേർ. റമസാൻ ആദ്യ ദിവസം മുതൽ നടന്ന നമസ്കാരങ്ങളിലൂടെ ഖുർആൻ പാരായണം ചെയ്ത് പൂർത്തീകരിച്ചതിന്റെ പ്രാർഥനയിൽ (ഖത്തമുൽ ഖുർആൻ) പങ്കെടുക്കാൻ ജനം ഒഴുകിയെത്തിയത് തിരക്കു കൂടാൻ കാരണമായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരും പ്രാർഥനയിൽ പങ്കെടുത്തു.
റമസാനിലെ അവസാന പത്തിൽ ലൈലത്തുൽ ഖദ്ർ പുണ്യം പ്രതീക്ഷിച്ച് മക്ക, മദീന ഹറം പള്ളികളിൽ വിശ്വാസികളുടെ വൻതിരക്ക് അനുഭവപ്പെടുന്നത് പതിവാണ്. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉൾപ്പെടെ സ്വദേശികളും വിദേശികളും ഹറം പള്ളികളിൽ ഭജനയിരിക്കുന്നതും (ഇഅ്തികാഫ്) അവസാന പത്തിലാണ്. ഇന്നത്തെ പെരുന്നാൾ നമസ്കാരം കഴിഞ്ഞ ശേഷം ഇവർ തിരിച്ചുപോകും.
പെരുന്നാൾ പ്രമാണിച്ച് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായതും തിരക്ക് കൂടാൻ കാരണമായി. മക്ക ഹറം പള്ളിയിലെ പ്രാർഥനയ്ക്ക് ഹറം കാര്യമേധാവി ഡോ. ഷെയ്ഖ് അബ്ദുൽറഹ്മാൻ അൽ സുദൈസും മദീന മസ്ജിദുന്നബവിയിൽ ഷെയ്ഖ് സ്വലാഹ് അൽ ബുദൈറും നേതൃത്വം നൽകി.