അബുദാബി: അബുദാബി ഹിന്ദു ശിലാക്ഷേത്രത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. മുൻകൂട്ടി റജിസ്റ്റർ ചെയ്ത സന്ദർശകർക്കാണ് പ്രവേശനം. എല്ലാ മതങ്ങളില്‍പ്പെട്ട ആളുകൾക്കുമായാണ് ക്ഷേത്രം വാതിലുകൾ തുറന്നിരിക്കുന്നത്. അതേസമയം, ക്ഷേത്ര സന്ദർശനത്തിനായി പുതിയ ഉപയോക്തൃ-സൗഹൃദ പ്രീ-റജിസ്‌ട്രേഷൻ ബുക്കിങ് സംവിധാനം അവതരിപ്പിച്ചതായി അധികൃതർ പറഞ്ഞു. ക്ഷേത്രത്തിലേക്ക് സന്ദർശകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. തിരക്ക് നിയന്ത്രിക്കാൻ പുതിയ ബുക്കിങ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നുവെന്ന് ക്ഷേത്രം വക്താവ് പറഞ്ഞു. സന്ദർശകർക്ക് തീയതിയും സമയവും തിരഞ്ഞെടുക്കാനാകും. ഇതുമൂലം കാത്തിരിപ്പ് സമയം കുറയ്ക്കാം. ചൊവ്വ മുതൽ ഞായർ വരെ (രാവിലെ 9 മുതൽ രാത്രി 8 വരെ) തുറന്നിരിക്കുന്ന ക്ഷേത്രം തിങ്കളാഴ്ചകളിൽ അടച്ചിരിക്കും
പെരുന്നാൾ അവധി, സ്കൂൾ അവധി എന്നിവ ക്ഷേത്രത്തിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തി. ഇന്ത്യയിലെ തെക്കു, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ആചരിക്കുന്ന ഉഗാദി, ഗുഡി പദ്‌വ എന്നീ രണ്ട് പുതുവത്സര ഉത്സവങ്ങൾ ആഘോഷിക്കാൻ ഇന്നലെ(ചൊവ്വ) ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രം സന്ദർശിച്ചത്.
ക്ഷേത്രം ഔദ്യോഗികമായി തുറന്നതുമുതൽ ആയിരക്കണക്കിന് പേർ ദിവസേന സന്ദർശിക്കുന്നു. ബൈശാഖി, വിഷു, തമിഴ് പുതുവത്സരം, ബിഹു, രാമനവമി, ഹനുമാൻ ജയന്തി തുടങ്ങിയ സുപ്രധാന ഉത്സവങ്ങളുടെ പരമ്പര അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വരാനിരിക്കെ, മുൻകൂർ റജിസ്‌ട്രേഷൻ കാര്യക്ഷമമാക്കാൻ ക്ഷേത്രം മാനേജ്‌മെന്റ് സജീവമായ നടപടികൾ സ്വീകരിച്ചു.
വിവരങ്ങൾക്കും റജിസ്ട്രേഷനും: https://www.mandir.ae/visit സന്ദർശിക്കു