ഇറ്റാനഗർ: ചൈനക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റുകയും അത് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ചൈനയുടെ നടപടിക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. അരുണാചൽ പ്രദേശിലെ നാംസായിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ചൈനയിലെ സ്ഥലങ്ങളുടെ പേരുകൾ തങ്ങൾ മാറ്റിയാൽ അവ ഇന്ത്യയുടെ ഭാഗമാകുമോ. ചൈന അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളിടെ പേര് മാറ്റുകയും അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പേരുകൾ മാറ്റുന്നതിലൂടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നാണ് തനിക്ക് തന്റെ അയൽക്കാരോട് പറയാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ആഗ്രഹം എല്ലാ അയൽരാജ്യങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കണം എന്നാണ്. എന്നാൽ ആരെങ്കിലും ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താൻ ശ്രമിച്ചാൽ അതിനോട് പ്രതികരിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. ഏപ്രിൽ ആദ്യവാരമാണ് അരുണാചലിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പട്ടിക ചൈന പുറത്തിറക്കിയത്. മെയ് ഒന്നു മുതൽ ഈ പേരുകൾ പ്രാബല്യത്തിൽ വരുമെന്നും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.
അതിർത്തി വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയുമായുള്ള ബന്ധം ഏറെ കാലമായി വഷളായിരിക്കുകയാണ്. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽപ്രദേശിൽ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതിർത്തിയിൽ ചെറിയ തോതിലുള്ള കടന്നു കയറ്റങ്ങളും ചൈന നേരത്തെ നടത്തിയിട്ടുണ്ട്.
അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്കാണ് ചൈന പുതിയ പേരിട്ടിരിക്കുന്നത്. ഇത്തരത്തിൽ നാലാമത്തെ പട്ടികയാണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. അരുണാചൽപ്രദേശിനെ ചൈന വിശേഷിപ്പിക്കുന്നത്. ‘സാങ്‌നാൻ’ എന്നാണ്. ചൈനീസ് ആഭ്യന്തര വകുപ്പിന്റെ വെബ്‌സൈറ്റിലാണ് സ്ഥലങ്ങളുടെ പുതിയ പേരുകൾ പ്രസിദ്ധീകരിച്ചത്. അരുണാചൽ പ്രദേശ് തങ്ങളുടെ അധീനതയിലുള്ള ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന വാദിക്കുന്നത്.