പ്രാതലിന് സോഫ്റ്റ് ഇടിയപ്പം തയ്യറാക്കാൻ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു പ്രഭാതഭക്ഷണമാണ് ഇടിയപ്പം. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ ഇടിയപ്പം തയ്യാറാക്കാന്‍ നോക്കിയാല്‍ അത് പലപ്പോഴും ഇടിയപ്പത്തിന്റെ സോഫ്റ്റ്‌നസ് നഷ്ടപ്പെടുന്നതിന് കാരണമാകും. ഇടിയപ്പം തയ്യാറാക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ തന്നെ നല്ല സൂപ്പര്‍ ഇടിയപ്പം തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • അരിപ്പൊടി – 2 കപ്പ്
  • നെയ്യ് – അല്‍പം
  • ഉപ്പ് – പാകത്തിന്
  • തിളപ്പിച്ച വെള്ളം- 1 കപ്പ്

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയിലേക്ക് തിളപ്പിച്ച വെള്ളം നല്ലതുപോലെ ചേര്‍ക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂണ്‍ നെയ്യ് ചേര്‍ക്കാവുന്നതാണ്. ഉപ്പും ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ഇത് നല്ല സോഫ്റ്റ് ആകുന്നതുവരെ കുഴച്ചെടുക്കണം. നെയ്യ് ചേര്‍ക്കുന്നതും നല്ലതുപോലെ തിളച്ച വെള്ളം ഒഴിക്കുന്നതും ആണ് ഇടിയപ്പത്തിന്റെ മാവ് സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നത്. ഇത് രണ്ടുമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. നല്ലതുപോലെ കുഴച്ച മാവ് സേവക നാഴിയിലേക്ക് നിറച്ച് ഇത് ഒരു ഇലയില്‍ തേങ്ങ ഇട്ട് അതിലേക്ക് ചുറ്റി ഒഴിക്കുക. പത്ത് പതിനഞ്ച് മിനിറ്റ് ആവിയില്‍ വേവിച്ച് എടുത്ത് ഉപയോഗിക്കാവുന്നതാണ്. നല്ല സോഫ്റ്റ് ഇടിയപ്പം തയ്യാര്‍.