അല്പം മധുരം കഴിക്കാൻ തോന്നിയാല്‍ എന്ത് ചെയ്യും? വീട്ടില്‍ അല്പം സ്പെഷ്യല്‍ മധുരം തയ്യറാക്കിയാലോ? എന്നാൽ ഗുലാബ് ജാമൂന് തന്നെയാവാം. ഇത് മധുരപ്രിയര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നല്കാവുന്ന ഒന്നാണ്. 15 മിനിറ്റ് മാത്രം മതി, വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഇനി ഗുലാബ് ജാമൂന് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- പാല്‍പ്പൊടി – അരക്കപ്പ്
- മൈദ – കാല്‍കപ്പ്
- ബേക്കിംഗ് സോഡ – ഒരു നുള്ള്
- നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
- ഉപ്പ് – അല്പം
- പഞ്ചസാര – 1 കപ്പ്
- വെള്ളം – 1 കപ്പ്
- ഏലക്ക – ആവശ്യത്തിന്
- ചെറുനാരങ്ങ നീര് – അരമുറി
തയ്യാറാക്കുന്ന വിധം
ഒരു അരിപ്പയില്‍ അല്പം പാല്‍പ്പൊടി, മൈദ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ അരിച്ചെടുക്കണം. അതിന് ശേഷം ഇതിലേക്ക് നെയ്യ് ഒഴിക്കുക. ശേഷം മൈദ, പാല്‍പ്പൊടി മിക്സിനോടൊപ്പം വെള്ളം ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കണം. ഇതിലേക്ക് പഞ്ചസാര പൊടിച്ചതും ഏലക്കയും കൂടി ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ കുഴച്ചെടുത്ത് അല്പ നേരം മാറ്റി വെക്കാം.
പാനി തയ്യാറാക്കാൻ: പഞ്ചസാര അല്പം വെള്ളം ചേർത്ത് നല്ലതുപോലെ നൂല്‍പ്പരുവത്തില്‍ ആക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. ഇത് കട്ട കെട്ടാതിരിക്കുന്നതിന് വേണ്ടി അല്പം നാരങ്ങ നീരും ചേര്‍ക്കാം. ശേഷം നമ്മള് കുഴച്ച് മാറ്റി വെച്ച മാവ് ചെറിയ ഉരുളകളാക്കി എണ്ണയില്‍ വറുത്ത് കോരി ഇത് പഞ്ചസാര പാനിയിലേക്ക് ചേർക്കാം. കുറച്ച് സമയം ഇതില്‍ കിടന്ന് ഇവയെല്ലാം നല്ലതുപോലെ വീര്‍ത്ത് വരും. വേണമെങ്കില്‍ അല്പം കുങ്കുമപ്പൂവും റോസ് വാട്ടറും മിക്സ് ചെയ്യാവുന്നതാണ്. നല്ല സ്വാദുള്ള ഗുലാബ് ജാമൂന് റെഡി.
Read also: പ്രാതലിന് സോഫ്റ്റ് ഇടിയപ്പം തയ്യറാക്കാൻ