ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ഡൽഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു. അഴിമതിക്കെതിരേ പോരാടാനാണ് താന്‍ എ.എ.പിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ ഇന്ന് അതേ എ.എ.പി തന്നെ അഴിമതിയില്‍ മുങ്ങിയെന്നും രാജിവെച്ച ശേഷം രാജ്കുമാര് ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ പാര്‍ട്ടി അംഗത്വവും രാജ്കുമാര് രാജിവച്ചു.
പാര്‍ട്ടി അഴിമിതിയില്‍ മുങ്ങിയെന്ന് രാജ് കുമാര്‍ പറഞ്ഞു. ‘അഴിമതിക്കെതിരെ പോരാടാനുള്ള ആം ആദ്മി പാർട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ് ചേർന്നത്. ഇന്ന് പാർട്ടി അഴിമതിയുടെ നടുവിലാണ്. അതിനാലാണ് ഞാൻ രാജിവയ്ക്കാൻ തീരുമാനിച്ചത്’ ആനന്ദ് പറഞ്ഞു.
പാര്‍ട്ടി ദളിത് വിരുദ്ധമായി മാറിയെന്നും രാജ്കുമാര് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയില്‍ ഒരു ദളിത് എം.എല്‍.എയോ കൗണ്‍സിലറോ ഇല്ല. ഞാന്‍ അബേദ്കറുടെ തത്വങ്ങള്‍ പിന്തുടരുന്ന വ്യക്തിയാണ്. പക്ഷെ, ഈ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് തനിക്ക് ദളിത് വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും രാജ്കുമാര് പറഞ്ഞു. പാര്‍ട്ടി വിട്ടെങ്കിലും ബി.ജെ.പിയില്‍ പോവില്ലെന്നും രാജ്കുമാര് വ്യക്തമാക്കി.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് 2023 നവംബറില്‍ രാജ്കുമാറിന്റെ വീട് ഇ.ഡി പരിശോധിച്ചിരുന്നു. ഏഴ് കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റവന്യൂ ഇന്റലിജന്‍സും രാജ്കുമാറിനെതിരേ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇ.ഡി കേസെടുക്കുകയും അദ്ദേഹത്തെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലികഴിയവെയാണ് മന്ത്രിയുടെ രാജി.ബിജെപി തങ്ങളുടെ നേതാക്കളെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ എഎപി നേതൃത്വം ആരോപിക്കുന്നുണ്ട്. അതിനിടെയാണ് മന്ത്രിയുടെ രാജി.