എത്രയൊക്കെ പ്രതിഷേധങ്ങള്‍ ഉണ്ടായാലും ബീഫ് ഇഷ്ടപ്പെടുന്നവര്‍ അത് ഒരിക്കലും ഒഴിവാക്കില്ല. ബീഫ് കൊണ്ട് വ്യത്യസ്ത തരം വിഭവങ്ങൾ തയ്യറാക്കാം. ബീഫില്‍ രുചികള്‍ പലതാണ്. വായില്‍ കപ്പലോടിയ്ക്കുന്ന പല സ്വാദുകളും ബീഫില്‍ ഉണ്ട്. ഇന്ന് ഒരു സ്വാദിഷ്ടമായ ബീഫ് തേങ്ങാക്കൊത്തിട്ടത് തയ്യറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബീഫ്- അരക്കിലോ
- തേങ്ങ പൂളിയത്- കാല്‍ക്കപ്പ്
- പച്ചമുളക്- അഞ്ച്
- തക്കാളി- ഒന്ന്
- സവാള- രണ്ട്
- കറിവേപ്പില- മൂന്ന് തണ്ട്
- വെളുത്തുള്ളി-6 അല്ലി
- ഇഞ്ചി- ചെറിയ കഷ്ണം
- മല്ലിപ്പൊടി- മൂന്ന് സ്പൂണ്‍
- മുളക് പൊടി- രണ്ട് സ്പൂണ്‍
- മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
- ഗരംമസാലപ്പൊടി-കാല്‍സ്പൂണ്‍
- വെളിച്ചെണ്ണ- ആവശ്യത്തിന്
- ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ്, ഇഞ്ചി, സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവയോടൊപ്പം മല്ലിപ്പൊടി, ഗരംമസാലപ്പൊടി എന്നിവയും ഉപ്പും രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് നല്ലതു പോലെ യോജിപ്പിക്കുക. ഇതിലേക്ക് പാകത്തിന് വെള്ളം ഒഴിച്ച് കുക്കറില്‍ വേവിച്ചെടുക്കുക. നാല് വിസില്‍ വന്നതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യാം. ശേഷം വേറൊരു പാത്രത്തില്‍ തേങ്ങാക്കൊത്തും കറിവേപ്പിലയും തക്കാളിയും വഴറ്റിയെടുക്കാം. ഈ തയ്യാറാക്കിയ കൂട്ട് വേവിച്ചു വച്ചിരിയ്ക്കുന്ന ബീഫിലേക്ക് ചേര്‍ക്കാം. ഇതിലെ വെള്ളം നല്ലതു പോലെ വറ്റിച്ചെടുക്കാം. സ്വാദിഷ്ഠമായ ബീഫ്‌തേങ്ങാക്കൊത്തിട്ടത് തയ്യാര്‍.