തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ. സർവകലാശാലകളിൽ വിസി നിയമനത്തിന് ഗവർണറോട് നിർദേശിക്കണമെന്ന ഹർജി നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് സർക്കാർ നീക്കം. സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. സുപ്രിംകോടതി വിധിയനുസരിച്ച് ഗവർണർക്കാണ് വിസിമാരെ നിയമിക്കാനും സെർച്ച് കമ്മിറ്റി രൂപീകരിക്കാനും അധികാരം.
രാജ്ഭവനോട് നോമിനിയെ നിർദേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്ഭവൻ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റിയെ രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
രാഷ്ട്രപതിക്കയച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് ഉത്തരവ്. ഇതുപ്രകാരം യൂണിവേഴ്സിറ്റി, യു.ജി.സി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്നിവിടങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തും. ഈ പ്രതിനിധികളെ നൽകാൻ സർക്കാർ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സർക്കാർ പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാകുമെന്നും ഉത്തരവിലുണ്ട്. കമ്മിറ്റിയിലെ അംഗങ്ങൾ ആരൊക്കെയെന്ന് പിന്നീട് വ്യക്തമാക്കുമെന്നും ഉത്തരവിൽ പറയുന്നു.
സർവകലാശാല, യുജിസി ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയാകും സേർച് കമ്മിറ്റി രൂപീകരിക്കുക. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കാണ് നിലവിൽ സാങ്കേതിക സർവകലാശാലയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.