ഡൽഹി: പതഞ്ജലിയുടെ കോടതിലക്ഷ്യക്കേസില്‍ ബാബ രാംദേവിന്റെ മാപ്പപേക്ഷ വീണ്ടും നിരസിച്ച് സുപ്രിംകോടതി. പതഞ്ജലി മനഃപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്ന് കോടതി വ്യക്തമാക്കി. ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ഒരേ പോലെ പല മാപ്പപേക്ഷ നല്‍കിയാല്‍ കോടതിയെ ബോധ്യപ്പെടുത്താമെന്ന് കരുതുന്നുണ്ടോ എന്നും കോടതി ചോദിച്ചു.
ആളുകൾ ജീവിതത്തിൽ തെറ്റുകൾ വരുത്താറുണ്ടെന്ന് പതഞ്ജലി സ്ഥാപകർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയിൽ വാദിച്ചു. എന്നാൽ അഭിഭാഷകന്റെ വാദത്തെ സുപ്രീംകോടതി ശാസിച്ചു. ഇത്തരം കേസുകളിൽ പൗരന്മാരാണ് കഷ്ടപ്പെടേണ്ടിവരുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. തങ്ങൾ അന്ധരല്ലെന്നും ഈ കേസിൽ ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി അറിയിച്ചു. പതഞ്ജലിയുടെ മാപ്പപേക്ഷ അംഗീകരിക്കാൻ പറ്റില്ലെന്നും ഇത് ബോധപൂർവമുള്ള ലംഘനമാണെന്നും കോടതി കൂട്ടിച്ചേർത്തു.
അതേസമയം, പതഞ്ജലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനഃപൂര്‍വമായ വീഴ്ച വരുത്തിയെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കടുത്ത നടപടികളിലേക്ക് പോകരുതെന്ന് അഭ്യര്‍ഥിച്ച ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പതഞ്ജലിക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രിംകോടതിയില്‍ ഉറപ്പ് നല്‍കി. കേസ് വീണ്ടും ഈ മാസം 16ന് പരിഗണിക്കും.
കേസ് പരിഗണിച്ചപ്പോൾ പതഞ്ജലിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകിയിരുന്നു. അലോപ്പതി, ആയുർവേദം എന്നീ ശ്രേണികളിൽ ഏതുവിഭാഗത്തിലെ മരുന്ന് സ്വീകരിക്കണമെന്ന് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും ഏതെങ്കിലും സംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. അലോപ്പതിക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും പതഞ്ജലി പൊതുതാത്പര്യത്തിനെതിരായി പരസ്യം നൽകിയെന്നും ആയുഷ് മന്ത്രാലയം നൽകിയ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.