കോയമ്പത്തൂർ: ഡിഎംകെ-കോൺഗ്രസ് പാർട്ടികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയുടെയും കൊള്ളയുടെയും മറ്റൊരു പേരാണ് ഡിഎംകെയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. എൻഡിഎ ഭരണകാലത്തിൽ ഇന്ത്യയുടെ വികസനം 5ജിയിൽ എത്തി നിൽക്കുന്നു. എന്നാൽ ഡിഎംകെ 2 ജിയിൽ അഴിമതി നടത്തിയവരാണെന്നും വെറുപ്പിൻ്റെ രാഷ്ട്രീയമാണ് ഡിഎംകെ മുന്നോട്ടുവെയ്ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ്‌ക്കെതിരെ ഡിഎംകെ നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിലും പ്രധാനമന്ത്രി മറുപടി പറഞ്ഞു. അണ്ണാമലൈ കോമാളിയാണെന്നും ജനങ്ങളെ രസിപ്പിക്കുന്ന എന്റർടെയ്നർ മാത്രമാണെന്നുമുള്ള ഡിഎംകെ നേതാവ് ദയാനിധി മാരന്റെ പരിഹാസത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
അധികാരത്തിന്റെ ഗർവ്വിൽ മുങ്ങിക്കുളിച്ചതാണ് ഡിഎംകെ പാർട്ടി. ബിജെപിയുടെ യുവനേതാവിനെക്കുറിച്ച് പറഞ്ഞ വാക്കുകളിൽ ഡിഎംകെയുടെ ധിക്കാരം വ്യക്തമാണ്. തീർത്തും അപമാനകരമായ വാക്കുകളാണ് ഡിഎംകെ നേതാവ് ഉപയോഗിച്ചത്. ഈ ധിക്കാരം തമിഴ്നാട് മണ്ണിന്റെ മഹത്തായ പാരമ്പര്യത്തിന് വിരുദ്ധമാണ്. ഈ അഹന്തയൊരിക്കലും തമിഴ് ജനത വച്ചുപൊറുപ്പിക്കല്ല.
മുൻ പോലീസ് ഓഫീസറെ, പിന്നാക്ക വിഭാഗത്തിൽ നിന്ന് ഉയർന്നുവന്ന യുവാവിനെ, താഴെത്തട്ടിലേക്ക് ഇറങ്ങി സമർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന സേവകനെയാണ് ഡിഎംകെ ഇത്തരത്തിൽ അധിക്ഷേപിച്ചത്. അല്ലെങ്കിലും യുവനേതാക്കൾ മുന്നോട്ട് വരുന്നതിനെ തടയുകയെന്നതാണ് കുടുബ രാഷ്‌ട്രീയം പയറ്റുന്നവരുടെ രീതിയെന്നും ഡിഎംകെയെ പ്രധാനമന്ത്രി വിമർശിച്ചു.