ഒട്ടുമിക്ക ആളുകൾക്കും ചിക്കന്‍ കറി എന്നു പറയുമ്പോള്‍ മനസ്സിലേക്ക് ഓടി വരുന്നത് നല്ല ചുവന്ന നിറത്തിലുള്ള മസാല ധാരാളമുള്ള ചിക്കന്‍ കറിയാണ്. എന്നാല്‍ സാധാരണ ചിക്കന്‍ കറിയില്‍ നിന്നും വ്യത്യസ്തമായ ഒരു ചിക്കന്‍ കറി പരീക്ഷിച്ചു നോക്കിയാലോ? നല്ല പച്ച കളറുള്ള പുതിന ചിക്കൻ കറി.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍- 1 കിലോ
- സവാള- വലുത് 1
- തക്കാളി- 1 വലുത്
- പച്ചമുളക്- 4 എണ്ണം
- കറിവേപ്പില- ഒരു തണ്ട്
- പുതീന- അരക്കപ്പ്
- മല്ലിയില അരിഞ്ഞത്- അരക്കപ്പ്
- ഇഞ്ചി- ചെറുത് ഒരെണ്ണം
- വെളുത്തുള്ളി- രണ്ട് അല്ലി
- ചിക്കന്‍ മസാലപ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
- ഗരം മസാല-1 ടീസ്പൂണ്‍
- തൈര്- അരക്കപ്പ്
- നാരങ്ങ നീര്- 1 ടേബിള്‍ സ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
ചിക്കനില്‍ പുരട്ടി വെയ്ക്കാനുള്ള ചേരുവകള്‍
- മഞ്ഞള്‍പ്പൊടി- കാല് ടീസ്പൂണ്‍
- ചിക്കന്‍ മസാലപ്പൊടി- 1 ടേബിള്‍ സ്പൂണ്‍
- കാശ്മീരി മുളക് പൊടി- 1 ടീസ്പൂണ്‍
- കുരുമുളക് പൊടി- അരടീസ്പൂണ്‍
- മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത വെള്ളത്തില്‍ 10 മിനിട്ട് മുക്കി വെയ്ക്കുക. ശേഷം അതില്‍ നിന്നും വെള്ളം മുഴുവന്‍ ഊറ്റി മാറ്റുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിയ്ക്കുന്ന പേസ്റ്റ് നന്നായി ചേര്‍ത്ത് വെയ്ക്കുക. അര മണിക്കൂര്‍ ഈ ചേരുവകള്‍ ഇങ്ങനെ വെയ്ക്കണം.
ശേഷം പുതിനയില, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി അരച്ച് പേസ്റ്റാക്കുക. ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക. ഇതിലേക്ക് ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. തക്കാളിയും ചേര്‍ക്കുക. ശേഷം ചിക്കന്‍ മസാല ചേര്‍ക്കാം. ഇതിലേക്ക് അരക്കപ്പ് തൈരു കൂടി ചേര്‍ത്ത് അല്പം ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് മസാല പുരട്ടി വെച്ചിരിയ്ക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. ചിക്കന്‍ വേവുന്നതു വരെ വയ്ക്കുക. ചിക്കന്‍ നന്നായി വേവുമ്പോള്‍ അതിലേക്ക് ഗരം മസാലപ്പൊടി ചേര്‍ത്ത് കുറുകുന്നതു വരെ വെയ്ക്കുക. ശേഷം വാങ്ങി വെച്ച് ഉപയോഗിക്കാം.