കൊച്ചി: നെടുമ്പാശ്ശേരിക്ക് സമീപം കുറുമശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റിൽ. നിധിന്, ദീപക് എന്നിവരാണ് പോലീസ് പിടിയിലായത്. ഇരുവരും കൊട്ടേഷന്‍ ഗുണ്ടകളാണെന്ന് പൊലീസ് അറിയിച്ചു. ഇവർക്കിടയിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ബാറില്‍ മദ്യപിക്കുന്നതിനിടെ ഒരാളെത്തി ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയ വിനുവിനെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനനുസരിച്ച് പൊലീസ് എത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിനുവിനെ രാത്രി ഓട്ടോയില്‍ കയറ്റി കൊണ്ടുപോയ ആളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
2019ല്‍ അത്താണിയില്‍ വെച്ച് മറ്റൊരു ഗുണ്ടാ നേതാവിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് വിനു വിക്രമന്. ജാമ്യത്തിലിറങ്ങിയ വിനു ബാറുകളിലും പാറമടകളിലുമടക്കം പണപ്പിരിവ് നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നതായും വിവരങ്ങള്‍ ഉണ്ട്.