ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. ദീര്‍ഘകാലമായുള്ള ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകണമെന്നും മോദി പറഞ്ഞു. യു.എസ് മാഗസിനായ ന്യൂസ് വീക്കിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നയതന്ത്ര – സൈനിക തലങ്ങളിലെ ക്രിയാത്മകമായ ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തികളിൽ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാനും നിലനിർത്താനും കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൈനയുമായുള്ള മത്സരത്തേക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളാണ് മോദി ഉയര്‍ത്തിക്കാട്ടിയത്. ചൈനയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്ന കമ്പനികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ രാജ്യം മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘ജനാധിപത്യരാഷ്ട്രമെന്ന നിലയിലും ആഗോള സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം എന്ന നിലയിലും, വിതരണശൃംഖലകള്‍ വൈവിധ്യവത്കരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ സ്വാഭാവികമായ തിരഞ്ഞെടുപ്പാണ് ഇന്ത്യ’, നരേന്ദ്രമോദി പറഞ്ഞു.
പാകിസ്താനുമായുള്ള ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. പാകിസ്താൻ പ്രധാനമന്ത്രിയെ താൻ അഭിനന്ദിച്ചിരുന്നുവെന്നും ഭീകരതയിൽ നിന്നും ആക്രമണങ്ങളിൽ നിന്നും മുക്തമായൊരു അന്തരീക്ഷം ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെനന്നും മോദി പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും ഇന്ത്യയിൽ കുറഞ്ഞുവരുന്നുവെന്ന വിമർശനങ്ങളോട് മോദി പ്രതികരിച്ചു. ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും ഉള്ള ചിന്തയും വികാരങ്ങളും അഭിലാഷങ്ങളും നഷ്ടപ്പെട്ട ചിലരാണ് ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന് പറയുന്നതെന്ന് മോദി വിമർശിച്ചു. ജനങ്ങളുമായി ബന്ധം ഇല്ലാത്തവരാണ്, ന്യൂന പക്ഷവിവേചനം ഉണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പോലും ഈ പ്രചരണം വിശ്വസിക്കുന്നില്ലെന്നും മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാർസികളെപ്പോലുള്ള സൂക്ഷ്മ ന്യൂനപക്ഷങ്ങൾ പോലും ഇന്ത്യയിൽ സന്തോഷത്തോടെ ജീവിക്കുന്നുവെന്നും മോദി പറഞ്ഞു.