കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിൻ്റെ ഹാഷ് മൂല്യത്തിൽ വന്ന മാറ്റം സംബന്ധിച്ച റിപ്പോർട്ട് പുറത്ത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അടങ്ങിയ ഫയലുകൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതായി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട്. അതിജീവിതയായ നടിയുടെ പരാതിയും കേസിലെ മുഖ്യസാക്ഷികളിലൊരാളായ സംവിധായകൻ പി.ബാലചന്ദ്രകുമാറിന്റെ മൊഴികളും ശരിവച്ചാണു വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ് ജനുവരി 8ന് ഹൈക്കോടതിക്കു റിപ്പോർട്ട് നൽകിയത്. ഒരു ഹൈക്കോടതിക്കു റിപ്പോർട്ട് നൽകിയത്. ഒരു ഹൈക്കോടതി ജഡ്ജിയുമായി ബന്ധപ്പെട്ട മൊഴികളും റിപ്പോർട്ടിലുണ്ടെന്നാണു സൂചന.
തന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്നുണ്ടെങ്കിലും ഈ അന്വേഷണത്തിന്റെ നിയമപരമായ സാധുത ചോദ്യം ചെയ്ത് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. റിപ്പോർട്ട് റദ്ദാക്കണമെന്നും ഐജി റാങ്കിൽ കുറയാത്ത ഓഫിസറുടെ നേതൃത്വത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും. മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 3 തവണ പരിശോധിക്കപ്പെട്ടതായി അന്വേഷണ റിപ്പോർട്ടിലുണ്ടെന്ന് ഹർജിയിൽ പറയുന്നു.
2018 ജനുവരി 9നു രാത്രി 9.56ന് അങ്കമാലി മജിസ്ട്രേട്ട് ലീന റഷീദും ഡിസംബർ 13നു രാത്രി 10.58ന് എറണാകുളം സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനും 2021 ജൂലൈ 19നു പകൽ വിചാരണക്കോടതി ശിരസ്തദാർ താജുദ്ദീനും പരിശോധിച്ചിട്ടുണ്ടെന്നാണു വിവരം. കേസ് ആദ്യം പരിഗണിച്ച അങ്കമാലി മജിസ്ട്രേട്ട് ലീവ് കഴിഞ്ഞു തിരിച്ചെത്തിയ 2017 മാർച്ച് 5 മുതൽ തെളിവുകൾ അട്ടിമറിക്കാൻ പ്രതിഭാഗം നടത്തിയ നീക്കങ്ങൾ പരിശോധിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.
മെമ്മറി കാർഡ് പരിശോധിക്കുന്നതു സംബന്ധിച്ച് അന്നത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയുടെ നിർദേശങ്ങളുടെ വിവരങ്ങൾ മഹേഷ് മോഹന്റെ മൊഴികളിലുണ്ട്. എന്നാൽ, ഇപ്പോൾ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹത്തിന്റെ വിശദീകരണം റിപ്പോർട്ടിൽ ചേർത്തിട്ടില്ല.