കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെതിരെ സിപിഎം സ്ഥാനാർഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നൽകിയ ഹർജിയിലാണ് വിധി പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വച്ചെന്നാണ് പ്രധാന ആരോപണം. കെ ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മാർച്ചിൽ തൃപ്പൂണിത്തുറയിൽ കെ ബാബുവിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നുമാണ് കെ ബാബുവിന്റെ വാദം. സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്.
ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയർത്തി അയ്യപ്പനെ മുൻനിർത്തിയാണ് കെ ബാബു പ്രചാരണം നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയിലെത്തിയത്. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയിൽ സമർപ്പിച്ചു. കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവും കോടതിയിലെത്തി. ഹർജി പരിഗണിച്ച കോടതി ബാബുവിന്‍റെ തടസ്സവാദം തള്ളി സ്വരാജ് നൽകിയ കേസ് നിലനിൽക്കുന്നതെന്നും വ്യക്തമാക്കുകയായിരുന്നു.