ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കർണാടക ലോകായുക്ത ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനോട് രേഖകൾ തേടി. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സിബിഐ) നിന്നാണ് കേസ് ലോകായുക്തയിലേക്ക് മാറ്റിയത്.
“നിങ്ങൾക്കെതിരെയുള്ള സി.ബി.ഐ കേസ് ലോകായുക്തയിലേക്ക് മാറ്റി. സി.ബി.ഐ അന്വേഷണത്തിൽ നിങ്ങൾ വിവരങ്ങളും രേഖകളും സമർപ്പിച്ചു. ഇതേ രേഖകളും വിവരങ്ങളും ലോകായുക്തക്കും സമർപ്പിക്കുക”- ലോകായുക്ത ഡി.കെ ശിവകുമാറിന് അയച്ച നോട്ടീസിൽ പറയുന്നു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ ഊർജ മന്ത്രിയായിരിക്കെ 2013 ഏപ്രിൽ 1 മുതൽ 2018 ഏപ്രിൽ 30 വരെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത വിധം 74.93 കോടി രൂപയുടെ സ്വത്ത് ശിവകുമാർ സമ്പാദിച്ചതായി സിബിഐ അവകാശപ്പെട്ടു. ശിവകുമാറിൻ്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് 2017-ൽ നടത്തിയ തിരച്ചിലിൻ്റെ അടിസ്ഥാനത്തിൽ ഇഡി അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചു.
ഇഡി അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് സിബിഐ അനുമതി തേടി. 2019 സെപ്റ്റംബർ 25 ന് അന്നത്തെ സംസ്ഥാന സർക്കാർ അനുമതി നൽകുകയും ഒരു വർഷത്തിന് ശേഷം എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു.
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ ഡി.കെ ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിച്ചിരുന്നു. അനുമതി പിൻവലിച്ചത് ഹൈക്കോടതി അംഗീകരിച്ചതിനെ തുടർന്നാണ് സി.ബി.ഐ അന്വേഷണം ലോകായുക്തക്ക് കൈമാറിയത്.
Read also: ലക്ഷദ്വീപ് കടലിൽ 4.1 മുതൽ 5.3 വരെ തീവ്രതയിൽ ഭൂചലനം