കലാമൂല്യമുള്ള സിനിമയ്ക്ക് ‘പണത്തൂക്കം’ നോക്കാത്ത നിര്‍മ്മാതാവ്: ഗാന്ധിമതി ബാലന്‍ ഇനി ഓര്‍മ്മ

അന്വേഷണത്തിന്റെ ആന്ത്യാഞ്ജലികള്‍

സിനിമയെ സ്‌നേഹിക്കുന്ന മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിര്‍മ്മാതാവാണ് അന്തരിച്ച ഗാന്ധിമതി ബാലന്‍. എണ്ണം പറഞ്ഞ ക്ലാസ്സിക് സിനിമകള്‍ നിര്‍മ്മിക്കാന്‍ ഒരു നിയോഗം പോലെയാണ് ഗാന്ധിമതി ബാലന്‍ തന്റെ 65 വയസ്സു വരെ ജീവിച്ചതെന്നു പറയുന്നതില്‍ അത്ഭുതമുണ്ടാകില്ല. മലയാളിയുടെ നിത്യ ജീവിതത്തിലെ എത്രയോ കഥാ പാത്രങ്ങളെ അഭ്രപാളിയിലെത്തിക്കാന്‍ ഒരു നിര്‍മ്മാതാവെന്ന നിലയില്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. മൂന്നാം പക്കത്തിലെ അപ്പൂപ്പനും ചെറുമകനും ഇന്നും മലയാളിയുടെ നൊമ്പരപ്പെടുത്തുന്ന സ്‌നേഹത്തിന്റെ ഓര്‍മ്മകളാണ്.

മണ്ണാറത്തൊടി ജയകൃഷ്ണനും, ക്ലാരയും മലയാളിയുടെ മനസ്സിലെവിടെയോ വീണ്ടും വീണ്ടും കണ്ടു മുട്ടുന്നുണ്ട്. പത്മരാജനെന്ന അത്ഭുത പ്രതിഭയുടെ ആവിഷ്‌ക്കാരങ്ങള്‍ക്ക് പണം മുടക്കാനും, അതുവഴി മലയാള സിനിമയുടെ സാംസ്‌ക്കാരിക നിലവാരം ഉയര്‍ത്താനും ശ്രമിച്ച നിര്‍മ്മാതാവ് കൂടിയാണ് ഗാന്ധിമതി ബാലന്‍. രാഷ്ട്രീയക്കാരുടെ കള്ളത്തരങ്ങളും, വെട്ടിപ്പും, തട്ടിപ്പുമെല്ലാം എത്ര മനോഹരമായാണ് പഞ്ചവടിപ്പാലം എന്ന സിനിമയിലൂടെ മലാളിക്ക് മുമ്പില്‍ തുറന്നു കാട്ടിയത്. അതില്‍ വികലാംഗനായി അഭിനയിച്ച ശ്രീനിവാസന്റെ റോള്‍ പാവപ്പെട്ട ജനങ്ങളെയാണ് ഉദ്ദേശിച്ചത്.

പുഴയ്ക്കു കുറുകേ പുതിയ പാലം വന്നപ്പോള്‍ സന്തോഷിക്കുകയും, അഴിമതി പാലം പൊളിഞ്ഞു വീണപ്പോള്‍ രക്ഷപ്പെടാനാകാതെ മരണപ്പെട്ടതും സമൂഹത്തിലെ പുഴുക്കുത്തുകളെ വെളിച്ചത്തേക്കെത്തിക്കുന്നുണ്ട്. ഇങ്ങനെ കലാമൂല്യമുള്ള സിനിമകള്‍ക്ക് കൈ കൊടുക്കാന്‍ ഗാന്ധിമതി ബാലന്‍ കാണിച്ച മനസ്സാണ്, ഇന്നും മലയാളത്തിന്റെ അഭിമാനമായി ഈ സിനിമകള്‍ നിലനില്‍ക്കാന്‍ കാരണം. പണമിട്ട് പണം വാരുന്ന മേധലയായി സിനിമയെ ഒരിക്കലും ഗാന്ധിമതി ബാലന്‍ കണ്ടില്ല എന്നതാണ് സത്യം. മുടക്കുന്ന പണം നഷ്ടപ്പെടില്ലെന്നും, കലയോടുള്ള ഇഷ്ടവും കരുതലുമാണ് സിനിമാ നിര്‍മ്മാണമെന്നും അദ്ദേഹം എക്കാലവും കരുതിപ്പോന്നിരുന്നു.

പഞ്ചവടിപ്പാലം, തൂവാനത്തുമ്പികള്‍, മൂന്നാംപക്കം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മാളൂട്ടി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച കമ്പനിയാണ് ഗാന്ധിമതി ഫിലിംസ്. 1990ല്‍ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ആണ് ഗാന്ധിമതിയുടെ അവസാന ചിത്രം. ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ ആയിരുന്നു. ഇവന്റ്‌സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലന്‍, 2015 നാഷനല്‍ ഗെയിംസ് ചീഫ് ഓര്‍ഗനൈസര്‍ ആയിരുന്നു. അദ്ദേഹം ആലിബൈ ഗ്ലോബല്‍ കമ്പനി എന്ന പേരില്‍ സൈബര്‍ ഫൊറന്‍സിക് സ്റ്റാര്‍ട്ടപ് കമ്പനി സ്ഥാപിച്ചു.

മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ബാലന്‍ അമ്മ ഷോ എന്ന പേരില്‍ നിരവധി താരനിശകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ കൂടാതെ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യമായിരുന്നു ഗാന്ധിമതി ബാലന്‍. പത്മരാജന്റെ നോവലുകള്‍ വായിച്ചാണ് ഗാന്ധിമതി ബാലന്‍ പത്മരാജന്റെ ആരാധകനാകുന്നത്. പത്മരാജന്റെ ഉദകപ്പോള, നക്ഷത്രങ്ങളേ കാവല്‍ തുടങ്ങിയ നോവലുകള്‍ വായിച്ചതിന് എണ്ണമെടുക്കാനാവില്ലെന്നാണ് കുടുംബക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്.

പത്മരാജന്‍ സിനിമകളുടെ നിര്‍മ്മാതാവ് എന്നാണ്, ഒരു കാലത്ത് സിനിമാലോകം വിശേഷിപ്പിച്ചിരുന്നത്. കാരണം പത്മരാജന്റെ ഭ്രാന്തമായ സിനിമാസങ്കല്‍പങ്ങളെ അതേ നിറവില്‍ എളുപ്പം തിരിച്ചറിഞ്ഞിരുന്ന നിര്‍മ്മാതാവാണ് ഗാന്ധിമതി ബാലന്‍. ‘നൊമ്പരത്തിപ്പൂവ്’ എന്നസിനിമയില്‍ നായികാ കാഥാപാത്രം ചെയ്യാന്‍ പത്മരാജനും ഗാന്ധിമതി ബാലനും, ഷാബാനാ ആസ്മിയെ കാണാന്‍ പോയൊരു കഥ സിനിമാ പിന്നണിയില്‍ സജീവമായി കേട്ടിരുന്നതാണ്.

പത്മരാജന്‍ ഷബാനാ ആസ്മിക്ക് തന്റെ തിരക്കഥ വായിക്കാന്‍ കൊടുത്തു. തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട ഷബാനാ ആസ്മി അഭിനയിക്കാമെന്നു പറഞ്ഞെങ്കിലും ഡയലോഗ് അല്‍പം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത് പത്മരാജന് ഇഷ്ടപ്പെട്ടില്ല. തന്റെ ഡയലോഗ് കുറയ്ക്കാന്‍ പത്മരാജന്‍ തയ്യാറായില്ല, ഡയലോഗ് കുറയ്ക്കണമെന്ന് ഷബാനയും നിലപാടെടുത്തു. ഇതോടെ സിനിമയുടെ നിര്‍മ്മാമതാവെന്ന നിലയില്‍ ഗാന്ധിമതി ബാലന്‍ ഷബാനാ ആസ്മിയെ വിട്ട് നടി മാധവിയെ ബുക്ക് ചെയ്യുകയായിരുന്നു. നൊമ്പരത്തിപ്പൂവ് എന്ന സിനിമയുടെ നിര്‍മ്മാതാവായി പത്മരാജനുമായി തുടങ്ങിവെച്ച ബന്ധം പിന്നീട് പിരിയാന്‍ വയ്യാത്ത ബന്ധമായി മാറുകയായിരുന്നു.

പത്മരാജന്റെ മരണം കണ്ടതിന്റെ വേദന ഓര്‍ക്കുന്ന ഗാന്ധിമതി ബാലനെ ഇന്നും സിനിമാലോകത്തെ സ്‌നേഹിതര്‍ മറന്നിട്ടില്ല. ആ ഓര്‍മ്മകള്‍ പങ്കുവെച്ചത് ഇങ്ങനെ: ‘ പത്മരാജന്റെ മരണദിവസവും ഹോട്ടലില്‍ ഗാന്ധിമതി ബാലന്‍ ഉണ്ടായിരുന്നു. ”രാത്രികിടക്കയില്‍ കിടന്ന പത്മരാജന്‍ പിറ്റേന്ന് രാവിലെ തറയില്‍ കിടക്കുന്നു. അങ്ങനെയുള്ള പതിവ് പത്മരാജന് ഉണ്ടായിരുന്നു. ‘എണീക്ക് പപ്പേട്ടാ, മോഹന്‍ലാലിനെ കാണാന്‍ പോകേണ്ടതല്ലെ’ എന്ന് പറഞ്ഞു. അന്ന് ഭരതം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലുള്ള മോഹന്‍ലാലിനെ കാണാന്‍ പോകേണ്ടതുണ്ട്. പത്മരാജനെ എഴുന്നേല്‍പ്പിക്കാനായി ഒന്ന് പിച്ചി നോക്കി. പക്ഷെ നോക്കുമ്പോള്‍ ശരീരം ഐസ് പോലെ തണുത്തിരിക്കുന്നു.

അപ്പോള്‍ എന്റെ കൈ വിറക്കാന്‍ തുടങ്ങി. ഞാന്‍ കാലിക്കറ്റിന്റെ മാനേജര്‍ അബൂബക്കറെ വിളിച്ച് ഒന്നു പൊക്കാന്‍ പറഞ്ഞു. പക്ഷെ പൊക്കിയപ്പോള്‍ അനങ്ങുന്നില്ല. പിന്നെ ഞാന്‍ ഉറക്കെ പൊട്ടിക്കരഞ്ഞു. അടുത്ത ഒരു മണിക്കൂര്‍ നേരത്തേക്ക് എനിക്ക് ഒന്നും ഓര്‍മ്മയില്ല.”പത്മരാജന്റെ മരണം കണ്ടതിന്റെ അനുഭവം ഇങ്ങനെയാണ് ഗാന്ധിമതി ബാലന്‍ പിന്നീട് മാധ്യമങ്ങളിലും സൗഹൃദ വലയങ്ങളിലും വിവരിച്ചു കേട്ടത്.’ ജയറാമിന്റെയും തിലകന്റെയും തകര്‍പ്പന്‍ അഭിനയത്തിന്റെ ഫ്രെയിമുകള്‍ വന്ന മൂന്നാം പക്കമെന്ന സിനിമ ഉണ്ടായതിന്റെ പിന്നിലുമുണ്ട് ഒരുകഥ. കെആര്‍ജി എന്ന നിര്‍മ്മാതാവിന് വേണ്ടിയാണ് പത്മരാജന്‍ മൂന്നാം പക്കം എഴുതിയത്. എന്നാല്‍, സിനിമ നടക്കില്ല എന്ന ഘട്ടത്തില്‍, ഗാന്ധിമതി ബാലന്‍ ആ സ്‌ക്രിപ്റ്റ് വായിച്ചു.

അപ്പൂപ്പനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ. തിലകനും ജയറാമുമാണ് നായകര്‍. ഗാന്ധിമതി ബാലന്‍ പടം ചെയ്യാന്‍ തയ്യാറായി. നാഗര്‍കോവിലായിരുന്നു ഷൂട്ടിംഗ്. ”പിക്‌നിക് പോലെയാണ് പത്മരാജന്റെ ഷൂട്ടിംഗ്. എല്ലാം ആറ്റിക്കുറുക്കി എഴുതിയതിനാല്‍ പത്മരാജന് എല്ലാം അറിയാം. എന്തിന് കഥാപാത്രങ്ങള്‍ക്ക് ഡ്രസ് എടുക്കുന്നത് വരെ പത്മരാജനാണ്. അത്രയും വിശദാംശങ്ങള്‍ അദ്ദേഹത്തിന് അറിയാം. ലൊക്കേഷന്‍ കണ്ടശേഷം തിരക്കഥ ഫൈനലായി എഴുതുന്ന ആളാണ് പത്മരാജന്‍.” ഗാന്ധിമതി ബാലന്‍ പറയുന്നു. അത് ഗംഭീരപടമായിരുന്നെങ്കിലും ഗംഭീര പരാജയവുമായി എന്നാണ് ഗാന്ധിമതി ബാലന്‍ പറഞ്ഞിരുന്നത്.

ആകെ 30 ല്‍ പരം സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. അമ്മയുടെ പേരാണ് ഗാന്ധിമതി എന്നത്. ആ പേരില്‍ ആരംഭിച്ച കമ്പനി 1980കളിലും 1990കളിലും സാമ്പത്തിക വിജയം നേടിയ മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചു. മലയാളം സിനിമയിലെ പരീക്ഷണ സംവിധായകരായ ഭരതന്‍, കെ.ജി. ജോര്‍ജ്ജ്, ഫാസില്‍, വേണുനാഗവള്ളി എന്നിവരുമായി ചേര്‍ന്നും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. തിരുവനന്തപുരം സിനിമയുടെ ഹബ്ബായിരുന്ന കാലത്ത്, മലയാള സിനിമയ്ക്ക് നല്ല കാലം വരാന്‍ പ്രയത്‌നിച്ച നിര്‍മ്മാതാക്കളില്‍ മുന്‍പന്തിയില്‍ തന്നെയാണ് ഗാന്ധിമതി ബാലന്‍.

മലയാള സിനിമാ ലോകം ഗാന്ധിമതി ബാലന്റെ നിര്യാണത്തില്‍ അനുശോചിച്ചിട്ടുണ്ട്. നടന്‍ മമ്മൂട്ടി, മനോജ് കെ. ജയന്‍, മോഹന്‍ലാല്‍ തുടങ്ങിയവരെല്ലാം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഗാന്ധിമതി ബാലന്റെ ഫോട്ടോയും ഇട്ടിട്ടുണ്ട്. കലാമേന്മയുള്ള ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയിലാണ് ഗാന്ധിമതി ബാലന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ഒരു കാലത്ത് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വച്ച് കൂടുതല്‍ സിനിമ ചെയ്ത നിര്‍മാതാവായിരുന്നു. മമ്മൂട്ടിയുടെയും മോഹനന്‍ലാലിന്റെയും സിനിമാ ജീവിതത്തിലെ നാഴികക്കല്ലുകള്‍ ഇടാന്‍ സഹായിച്ച നിര്‍മ്മാതാവാണ് ഗാന്ധിമതി ബാലന്‍.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വഴുതക്കാട്ടെ വസതിയില്‍ ഇന്ന് രാവിലെ മുതല്‍ പൊതു ദര്‍ത്തിനു വെച്ച മൃതദേഹം വൈകിട്ടോടെ തലസ്ഥാനത്തിന്റെ പ്രൗഢിയുടെ പ്രതീകമായ അയ്യന്‍കാളി ഭവനില്‍ പൊതു ജനങ്ങള്‍ക്കു വേണ്ടി പൊതു ദര്‍ശനത്തിനു വെയ്ക്കും. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാനും, ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറും അന്ത്യാഞ്ജലി അര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുമെന്നാണ് അറിയുന്നത്. തലസ്ഥാനത്തെ പ്രമുഖ സിനിമാ സീരിയല്‍ പ്രവര്‍ത്തകരും, സിനിമാ മേഘലയിലെ സംഘടനാ ഭാരവാഹികളും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വസതിയിലും അയ്യന്‍കാളി ഭവനിലും എത്തും.

ശേഷം തയ്ക്കാട് ശാന്തികവാടത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അനിത ബാലന്‍ ആണ് ഭാര്യ. മക്കള്‍: സൗമ്യ ബാലന്‍ (ഫൗണ്ടര്‍ ഡയറക്ടര്‍ -ആലിബൈ സൈബര്‍ ഫോറെന്‍സിക്‌സ്), അനന്ത പത്മനാഭന്‍ (മാനേജിങ് പാര്‍ട്ണര്‍ മെഡ്‌റൈഡ്, ഡയറക്ടര്‍-ലോക മെഡി സിറ്റി) മരുമക്കള്‍: കെ.എം.ശ്യാം (ഡയറക്ടര്‍ ആലിബൈ സൈബര്‍ ഫോറെന്‍സിക്‌സ്, ഡയറക്ടര്‍- ഗാന്ധിമതി ട്രേഡിങ് & എക്‌സ്‌പോര്‍ട്‌സ്), അല്‍ക്ക നാരായണ്‍ (ഗ്രാഫിക് ഡിസൈനര്‍). അന്തരിച്ച ഗന്ധിമതി ബാലന് അന്വേഷണം ന്യൂസിന്റെ അന്ത്യാഞ്ജലികള്‍.