വേനൽക്കാലമാണ് നിരവധി രോഗങ്ങൾക്ക് സാധ്യതയുണ്ട്. അതിലൊന്നാണ് വരണ്ട ചുമ. കനത്ത വെയിലേറ്റ് തല വിയർത്താൽ പോലും ചുമ പിടിക്കും. കോവിഡിന് ശേഷം ചുമ മരുന്ന് കഴിച്ചാലും മാറാത്ത അവസ്ഥയാണ്. ഈ വില്ലൻ ചുമയെ പ്രതിരോധിക്കുവാൻ ഏറ്റവും നല്ലത് ഒറ്റ മൂലകൾ തന്നെയാണ്.
ഒറ്റമൂലികൾ
ചൂട് വെള്ളം
ഇളം ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ആശ്വാസം നൽകും. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. ചൂടുവെള്ളം, സൂപ്പുകൾ, ഹെർബൽ ചായകൾ ഇവയെല്ലാം തൊണ്ടയിലെ അസ്വസ്ഥതയും വരണ്ട ചുമയും അകറ്റാൻ സഹായിക്കും.
ഇഞ്ചി വെള്ളം
ഇഞ്ചിയ്ക്ക് ആന്റി മൈക്രോബിയൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കും. ഒപ്പം ശ്വസനനാളിയിലടിഞ്ഞ കഫം അകറ്റാനും സഹായിക്കും. ചുമ അകറ്റി പേശികളെ വിശ്രാന്തിയിലാക്കാനും ഇഞ്ചിവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഒരിഞ്ചു നീളമുളള ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കാവുന്നതാണ്.
തേൻ
തൊണ്ടയിലെ അസ്വസ്ഥതയും ചുമയും അകറ്റാൻ മികച്ചതാണ് തേൻ. തേനിന് ആന്റി മൈക്രോബിയല്‍ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ബാക്ടീരിയൽ– വൈറൽ അണുബാധകളെ അകറ്റുന്നു.
മഞ്ഞൾ വെള്ളം
ശരീരത്തിന് ആരോഗ്യമേകാൻ മഞ്ഞൾ സഹായിക്കും. മഞ്ഞൾ ഒരു ആന്റിസെപ്റ്റിക് ആണ്. ഇതിന് ആന്റി ഇൻഫ്ലമേറ്ററി എന്ന ഗുണങ്ങളും ഉണ്ട്. മഞ്ഞളിലടങ്ങിയ കുർക്കുമിൻ, ചുമ അകറ്റാനും ആസ്ത്മയുടെ ലക്ഷണങ്ങൾ അകറ്റാനും സഹായിക്കും.
ഇരട്ടി മധുരം
വേദന ഇല്ലാതാക്കാനും കഫം അകറ്റാനും ചുമ അകറ്റാനും ഇരട്ടിമധുരം സഹായിക്കും. തൊണ്ടയിലെ അസ്വസ്ഥത അകറ്റാനും ഉപയോഗപ്രദം.
പുതിനയില
പുതിനയിൽ മെൻഥോൾ ഉണ്ട്. ഇത് തുടർച്ചയായുണ്ടാകുന്ന വരണ്ട ചുമയെ അകറ്റാൻ സഹായിക്കും. തൊണ്ട ക്ലിയർ ആകാനും പുതിനയിലയിട്ട ചായ സഹായിക്കും.
വറ്റൽമുളക്
കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും മുളകിൽ അടങ്ങിയ കാപ്പ്സെയ്സിൻ (capsaicin) എന്ന സംയുക്തം തൊണ്ടവേദനയും വരണ്ടചുമയും നിയന്ത്രിക്കാൻ ഒരുപരിധി വരെ സഹായിക്കും.
ഉപ്പുവെള്ളം
തൊണ്ടവേദനയ്ക്കും ചുമയ്ക്കും ഉള്ള ഏറ്റവും മികച്ച വീട്ടു പരിഹാരമാണ് ഉപ്പുവെള്ളം ഗാർഗിൾ ചെയ്യുക എന്നത്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കാനും ചുമ അകറ്റാനും സഹായിക്കും.
അരോമാതെറാപ്പി
ചൂടുവെള്ളത്തിൽ ഏതാനും തുള്ളി യൂക്കാലിപ്റ്റസ് ഓയിൽ ചേർക്കുക, ഈ ആവി കൊള്ളുന്നത് വരണ്ടചുമ അകറ്റാൻ സഹായിക്കും.
ആവി പിടിക്കുക
വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നത് തൊണ്ടയിലെ അസ്വസ്ഥതയും വരണ്ട ചുമയും കുറയാൻ സഹായിക്കും. ഇതിനായി ഒരു ഹ്യുമിഡിറ്റിഫയറും ഉപയോഗിക്കാവുന്നതാണ്.