ഇന്ന് ലോകപാർക്കിൻസൺസ് ദിനമാണ്. എല്ലാ വർഷവും ഏപ്രിൽ 11 ലോക പാർക്കിൻസൺസ് ദിനമായി ആചരിക്കാറുണ്ട്. പാർക്കിൻസൺസ് രോഗത്തെ കുറിച്ച് ആവശ്യമായ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ ദിവസം ആചരിക്കുന്നത്. അസോസിയേഷൻ ഫോർ പാർക്കിൻസൺസ് ഡിസീസ് ആണ് ഏപ്രിൽ 11 ലോക പാർക്കിൻസൺസ് ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനയും ഇതിന് പിന്തുണ നൽകി. പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ കുറയ്ക്കുക, പാർക്കിൻസൺസ് രോഗത്തെക്കുറിച്ച് ആളുകൾക്ക് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ദിനം മുന്നോട്ടുവെയ്ക്കുന്നത്.
1817-ൽ ഡോ. ജെയിംസ് പാർക്കിൻസൺ ആണ് പാർക്കിൻസൺസ് രോഗം ആദ്യമായി കണ്ടെത്തുന്നത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഏപ്രിൽ 11 പാർക്കിൻസൺസ് ദിനമായി ആചരിക്കാൻ തുടങ്ങിയത്. തലച്ചോറിലെ സിരാകേന്ദ്രങ്ങൾ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണിത്. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ‘ഡോപാമിൻ’ എന്ന ന്യൂറോ ട്രാൻസ്മിറ്റർ നിർമിക്കുന്ന കോശങ്ങളാണ് ഈ രോഗം മൂലം നശിച്ചു പോകുന്നത്.
പാർക്കിൻസൺസ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഡോപാമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാണ്. തുടക്കത്തിൽ രോഗിയുടെ ചലനങ്ങളെയായിരിക്കും ഇത് ബാധിക്കുന്നത്. വിറയൽ ആണ് പാർക്കിൻസൺസ് രോഗ ബാധിതരിൽ ഏറ്റവും ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണം. വിരലുകൾ, താടി, ചുണ്ട്, കാൽ തുടങ്ങിയവ വിറയ്ക്കാൻ തുടങ്ങും. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും കൂടുതലായി വിറയലുണ്ടാകും. പിന്നീട് ശരീരത്തിന്റെ ചലനശേഷി കുറഞ്ഞ് തുടങ്ങും.
പേശികളിൽ വേദന, തോൾ വേദന, ഇടുപ്പ് വേദന, നടക്കുമ്പോഴും ഇരിക്കുമ്പോഴുമുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കാനിടയുണ്ട്. നിൽക്കുമ്പോഴും നടക്കുമ്പോഴും തലയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുക. കൈകൾ വീശാതെയുള്ള നടത്തം, പതിഞ്ഞ ശബ്ദം, ഇമവെട്ടാതിരിക്കുക, കയ്യക്ഷരം മോശമാവുകയും ചെറുതാവുകയും ചെയ്യുക തുടങ്ങിയവയാണ് മറ്റ് രോഗലക്ഷണങ്ങൾ. രോഗം തീവ്രമാകുമ്പോൾ മറവിയും ഉണ്ടാകും.
ചികിത്സയിലൂടെ നിയന്ത്രിച്ച് നിർത്താൻ സാധിക്കുന്ന ഒന്നാണ് പാർക്കിൻസൺസ് രോഗം. മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയും ചില സന്ദർഭങ്ങളിൽ ശസ്ത്രക്രിയ, ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ തുടങ്ങിയ ചികിത്സാ രീതികളും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. ഡോപമിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകളാണ് പ്രധാനമായും നിർദ്ദേശിക്കപ്പെടാറുള്ളത്.
ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താനും പാർക്കിൻസൺ രോഗികളോട് ഡോക്ടർമാർ പറയാറുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കൽ, ശരിയായ വ്യായാമം, മാനസികാരോഗ്യം മെച്ചപ്പെടുത്തൽ തുടങ്ങിയവയിലും ശ്രദ്ധ കേന്ദ്രീകരിക്കണം.