ഈ അവധിക്കാലം എവിടേക്ക് പോകുമെന്ന് അറിയാതെ കൺഫ്യൂഷനടിച്ചു ഇരിക്കുകയാണോ? തിരക്കുകളിൽ നിന്നൊക്ക ഒഴിഞ്ഞു പ്രകൃതിയുടെ മനോഹാരിത അനുഭവിക്കാൻ താത്പര്യമുണ്ടോ? എങ്കിൽ നിങ്ങൾക്കായി ഈ 5 സ്ഥലങ്ങൾ കാത്തിരിക്കുന്നു
ഭൂതത്താൻകെട്ട്
കോതമംഗലത്തുനിന്ന് പത്തു കിലോമീറ്റർ ദുരം. അണക്കെട്ടിനു പശ്ചാത്തലമായി പ്രകൃതിരമണീയമായ കാഴ്ചകളും കാണാം. ഭൂതങ്ങൾ നിർമിച്ചതെന്ന് വിശ്വസിക്കുന്ന പഴയ അണക്കെട്ടും ഈ വിനോദസഞ്ചാരകേന്ദ്രത്തിന്റെ ആകർഷണീയതയാണ്. ഗ്രാമീണാന്തരീക്ഷവും കാടും ബോട്ട്സവാരിയും ഭൂതത്താൻകെട്ടിലേക്കുള്ള യാത്ര സമ്പന്നമാക്കും.
കുട്ടികൾക്കുള്ള പാർക്ക്, വാച്ച് ടവർ, കാനന പാതയിലൂടെയുള്ള ട്രെക്കിങ് എന്നിവയാണ് മുഖ്യ ആകർഷണം. ട്രെയിനിൽ വരുന്നവർക്ക് ആലുവ റെയിൽവേ സ്റ്റേഷനിലിറങ്ങിയാൽ കോതമംഗലത്തിന് ബസ് കയറാം.
തട്ടേക്കാട്
ദേശാടനപ്പക്ഷികളടക്കം പല വംശത്തിലുള്ള പക്ഷികളുടെ സങ്കതമാണ് തട്ടേക്കാട്. ഒപ്പം മലയണ്ണാൻ മുതൽ രാജവെമ്പാല വരെയുള്ള വ്യത്യസ്തജീവികളുടെ ആവാസഭൂമി കൂടിയാണ് തട്ടേക്കാട്. ആനയും കടുവയും കാട്ടുപന്നിയും വിഹരിക്കുന്ന ഘോരവനപ്രദേശത്ത് തന്നെയാണ് പ്രശസ്തമായ ഡോ. സാലിം അലി പക്ഷിസങ്കേതം.
പെരിയാറിലൂടെയുള്ള ബോട്ടിങ്ങും സഞ്ചാരികളെ ആകർഷിക്കുന്നു. കോതമംഗലത്തുനിന്ന് ഭൂതത്താൻകെട്ടിലേക്കുള്ള വഴിയാണ് തട്ടേക്കാടേക്കും പോകേണ്ടത്. ലോകത്തുതന്നെ അപൂർവമായ തവളവായൻ കിളി ഉൾപ്പെടെയുള്ള പക്ഷികളെ നേരിട്ടു കാണാനായി വിദേശികളടക്കമുള്ള പക്ഷിസ്നേഹികൾ ഇവിടെ തമ്പടിക്കാറുണ്ട്.
കുട്ടമ്പുഴ
തട്ടേക്കാടിനോട് ചേർന്നുകിടക്കുന്ന കുട്ടമ്പുഴ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് സഞ്ചാരികൾക്ക് കാഴ്ചവയ്ക്കുന്നത്. കാട്ടരുവികളും വൻമരങ്ങളും നിറഞ്ഞ കുട്ടമ്പുഴയിലൂടെയുള്ള സഞ്ചാരം ഉൻമേഷപ്രദമാണ്. വേനൽക്കാലത്ത് ആനകൾ കൂട്ടത്തോടെ പെരിയാറിന്റെ തീരത്തെത്തുന്ന മനോഹരമായ കാഴ്ചയും കുട്ടമ്പുഴയിൽ വരുന്നവർക്കു കാണാം. നാട്ടുകാഴ്ചകളും നാടൻ ഭക്ഷണവും കുട്ടമ്പുഴയിലേക്കുള്ള യാത്രയെ അവിസ്മരണീയമാക്കും.
ഇഞ്ചത്തൊട്ടി തൂക്കുപാലം
തട്ടേക്കാടുനിന്ന് അധികം ദൂരമില്ല ഇഞ്ചത്തൊട്ടി തൂക്കുപാലത്തിലേക്ക്. കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലമാണിത്. ഭൂതത്താൻകെട്ടിൽനിന്ന് പെരിയാറിലൂടെ ബോട്ട് വഴിയും ഇഞ്ചത്തൊട്ടിയിലെത്താം. പെരിയാർ നദിക്കും സംരക്ഷിത വനത്തിനും ഇടയിലുള്ള ഗ്രാമമാണ് ഇഞ്ചത്തൊട്ടി. മൂന്നാറിലേക്ക് നേരൃമംഗലം വഴി പോകുന്നവർക്ക് ഇഞ്ചത്തൊട്ടിയിലെത്താൻ എളുപ്പമാണ്. അതിമനോഹരമായ കാനനപാതകളിലൂടെയാണ് ഇവിടെയെത്തേണ്ടത്.
അയ്യപ്പൻമുടി
ഏകദേശം 700 അടി ഉയരത്തില്‍ 1,300 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പാറപ്പുറമാണ് അയ്യപ്പൻമുടി. കോതമംഗലത്തുനിന്ന് തട്ടേക്കാട് പോകുന്ന വഴിയിൽ അരകിലോമീറ്റർ സഞ്ചരിച്ചാൽ വലത്തേക്ക് ഒരു വഴി കാണാം, ഇതിലെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. വേട്ടയ്‌ക്കിടെ അയ്യപ്പൻ ഇവിടെയെത്തിയെന്നാണ് വിശ്വാസം. അതിനാലാകാം, പാറമുകളിൽ ചെറിയ അയ്യപ്പക്ഷേത്രമുണ്ട്. ക്ഷേത്രത്തിനു പിന്നിലായി ഒരിക്കലും വറ്റാത്ത ഒരു കുളമുണ്ട്.
രാവിലെ മലമുകളിലെ ഉദയവും വൈകിട്ട് വിശാലമായ ചെമ്മാനത്തെ അസ്തമയവും കണ്ട് മതിമറന്നിരിക്കാം. സന്ധ്യാവേളയിൽ തണുത്ത കാറ്റുമേറ്റ് പാറപ്പുറത്തിരുന്ന് താഴെ വൈദ്യുതിവെളിച്ചത്തിൽ തിളങ്ങുന്ന നാട് കാണാം.
വിനോദസഞ്ചാരികളെ ആകർഷിക്കാനായി പ്രത്യേക പദ്ധതികളൊന്നുമില്ലാത്തതിനാൽ അയ്യപ്പൻമുടി അധികമാർക്കും അറിയാത്ത കേന്ദ്രമാണ്. അതേസമയം ഒരിക്കൽ ഇവിടെയെത്തുന്നവർക്ക് അത്യപൂർവമായ അനുഭവമാകും വിടർന്നു പരന്ന് കിടക്കുന്ന ഈ പാറനിരപ്പിൽനിന്നു ലഭിക്കുക.
Read More ബാംഗ്ലൂരിലെ ആരവങ്ങളില്ലാത്ത പകലുകൾ: ഇവിടേക്ക് പോയി നോക്കിയാലോ?