മലയാളിയുടെ ഭക്ഷണമേശയിൽ മീൻ ഇല്ലാത്ത ദിവസങ്ങളില്ല. ഒഴിവാക്കാനാവാത്ത മീൻ വിഭവങ്ങളില്‍ ഒന്നാണ് മത്തി വറുത്തത്. മത്തി ആരോഗ്യത്തിന് ഏറ്റവും മികച്ചതാണെന്നാണ് പറയാറ്. മത്തി പൊരിച്ചും കറിവെച്ചും കഴിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. ഇന്ന് ഒരുഗ്രൻ മത്തി പൊരിക്കുന്നതിന്റെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മത്തി- അരക്കിലോ
- ചെറിയ ഉള്ളി- പത്തെണ്ണം
- ഇഞ്ചി- അരക്കഷ്ണം
- വെളുത്തുള്ളി- അഞ്ച് അല്ലി
- കുരുമുളക് പൊടി- മൂന്ന് ടീസ്പൂണ്‍
- പച്ചമുളക്- മൂന്നെണ്ണം
- ഉപ്പ്- ആവശ്യത്തിന്
- വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്
തയ്യറാക്കുന്ന വിധം
ചെറിയ ഉള്ളിയും വെളുത്തുള്ളിയും പച്ചമുളക് കുരുമുളക് പൊടിയും ഇഞ്ചിയും ചേര്‍ത്ത് അമ്മിയില്‍ വെച്ച് നല്ലതു പോലെ അരച്ചെടുക്കുക. നല്ലതു പോലെ അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കി വൃത്തിയാക്കി വെച്ചിരിക്കുന്ന മീനില്‍ തേച്ച് പിടിപ്പിക്കാം. ശേഷം അരമണിക്കൂര്‍ മാറ്റി വെക്കണം. ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം മത്തി ഓരോന്നായി വറുത്തെടുക്കാം. വറുത്ത ശേഷം രുചി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി അല്‍പം കറിവേപ്പില വേണമെങ്കില്‍ മീനിനു മുകളില്‍ വറുത്തിടാവുന്നതാണ്.