ബ്രീത്ത് അനലൈസര്‍ പണി തുടരുന്നു: KSRTCയില്‍ കുടുങ്ങിയത് 41 പേര്‍; ഡ്രൈവര്‍മാരുടെ മദ്യപാനം ജോലിക്കും യാത്രക്കാര്‍ക്കും ഹാനികരം; മര്യാദക്കാരായില്ലെങ്കില്‍ പണി പാളും

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ബ്രീ്ത് അനലൈസറില്‍ ഊതിയതു വഴി കുടുങ്ങിയത് 41 പേരാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന വിലയിരുത്തലിലാണ് ഗതാഗതമന്ത്രി ഗമേഷ്‌കുമാര്‍ നേരിട്ട് ഇടപെട്ട് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നടപ്പാക്കിയത്. തുടര്‍ന്ന് ഗതാഗത വകുപ്പ് നടപടി കര്‍ശനമാക്കി.

മൂന്നു ദിവസം കൊണ്ട് ഇത്രയും പേര്‍ പിടിക്കപ്പെട്ടു എന്നത് വലിയ കാര്യമാണ്. കാരണം, കെ.എസ്.ആര്‍.ടി.സിയില്‍ ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നടത്തുന്നു എന്ന് മന്ത്രി പറഞ്ഞിട്ടു പോലും പുലുവിലയാണ് കല്‍പ്പിച്ചിരിക്കുന്നത്. മദ്യപിച്ച് എത്തിയ ഡ്രൈവര്‍മാര്‍ യാത്രക്കാരുടെ ജീവന് എന്തു വിലയാണ് നല്‍കിയിരിക്കുന്നത്. അടുത്തിടെയായി നടക്കുന്ന വാഹനാപകടങ്ങളില്‍ വില്ലനായിരിക്കുന്നത് കെ.എസ്.ആര്‍.ടി.സി ബസാണ്.

ഈ അപകടങ്ങളില്‍ യാത്രക്കാരന്‍ മരിച്ചിട്ടുമുണ്ട്. ഇതെല്ലാം കാണിക്കുന്നത്, മന്ത്രിയുടെ വാക്കിനോ, യാത്രക്കാരുടെ ജീവനോ ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്നതാണ്. ഇല്ലെങ്കില്‍ ബ്രീത്ത് അലൈസര്‍ ടെസ്റ്റ് നടത്തുന്നു എന്നറിഞ്ഞെങ്കിലും മദ്യപാനം ഒഴിവാകകുമായിരുന്നു. എന്നാല്‍, സംഭവിച്ചത് അതല്ല. ബ്രീത്ത് അനലൈസര്‍ വെച്ച് ഊതിച്ചാലും, ഇല്ലെങ്കിലും ഞങ്ങള്‍ മദ്യപിക്കും എന്നൊരു തീരുമാനം രഹസ്യമായി നടപ്പാക്കുന്നതു പോലെ തോന്നുന്നുണ്ട്.

അതേ സമയം, ഗതാഗത വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ മന്ത്രിയെ തൊഴിലാളി സംഘടനകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ ഇടിച്ചുള്ള അപകടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയാവുകയാണ്. പട്ടാപ്പകല്‍ പോലും അമിതവേഗതിയിലാണ് പല ബസ്സുകളും ഓടിക്കൊണ്ടിരുന്നത്. ഇതിനു പിന്നാലെയാണ് ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്‍മാക്ക് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ അനലൈസര്‍ ടെസ്റ്റില്‍ കുടുങ്ങിയത് 41 ഡ്രൈവര്‍മാരാണെന്ന കണക്കുകള്‍ യാത്രക്കാരെ വല്ലാതെ ആശങ്കയിലാക്കുന്നുണ്ട്. ഇവരില്‍ പലരുടെയും രക്തത്തില്‍ 185ന് മുകളിലാണ് മദ്യത്തിന്റെ അളവ്. പല ജില്ലകളിലും സ്‌ക്വാഡ് വരുന്നതറിഞ്ഞു ഡ്രൈവര്‍മാര്‍ മുങ്ങുന്ന സാഹചര്യവും ഉണ്ടായി. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടായിരിക്കുന്നത്.

ഇത്തരത്തില്‍ സര്‍വീസ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കാനാണ് ഗതാഗത മന്ത്രിയുടെ നിര്‍ദേശം. ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതോടെ ഡ്രൈവര്‍മാരുടെ മദ്യപാനം കുറയ്ക്കാനാകുമെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. ടി.പിസെന്‍കുമാര്‍ സി.എം.ഡി. ആയിരുന്ന കാലത്തേ മദ്യപാനത്തിനെതിരേ ഒരു സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

ഡ്യൂട്ടിക്ക് കയറുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍പ്പോലും മദ്യപിച്ചാല്‍ നടപടി ഉണ്ടാകുമെന്നായിരുന്നു സര്‍ക്കുലര്‍. എന്നാല്‍, ടി.പി സെന്‍കുമാര്‍ മാറി, എണ്ണംപറഞ്ഞ എം.ഡിമാര്‍ വന്നു, മന്ത്രിമാര്‍ മാറിമാറി വന്നു. എന്നിട്ടും, മദ്യപിച്ച് ബസ് ഓടിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല എന്നതാണ് സത്യം. ബ്രീത്ത് അനലൈസറില്‍ ഊതിക്കുകയും, മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടാല്‍ അന്ന് വസ് ഓടിക്കണ്ടെന്നുമാണ് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം. ഇവരെ മെഡിക്കല്‍ എടുക്കുന്നില്ല.

മെഡിക്കല്‍ എടുക്കാതെ തുടര്‍ നടപടികള്‍ക്ക് സാധ്യത അടയുകയാണ്. വീണ്ടും ഇതേ മദ്യപാനിയായ ഡ്രൈവര്‍ വീണ്ടും മദ്യപിച്ച് ബസ് ഓടിക്കാനെത്തിയാല്‍ നടപടി എടുക്കാന്‍ കഴിയുന്നതെങ്ങനെ എന്ന ചോദ്യം ഉയരുകയാണ്. ബ്രീത്ത് അനലൈസര്‍ വെച്ച് മദ്യപിട്ടിച്ചുണ്ടെന്ന് കണ്ടെത്തിയാല്‍ ഇയാളെ മെഡിക്കല്‍ എടുത്ത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കെ.എസ്.ആര്‍.ടി.സി സൂക്ഷിക്കണം. വീണ്ടും പിടിക്കപ്പെടുകയാണെങ്കില്‍ നിയമനടപടി എടുക്കണമെന്നുമാണ് യാത്രക്കാര്‍ പറയുന്നത്.