തൃശ്ശൂർ : ഭാരതപ്പുഴയിൽ വെള്ളം കുറഞ്ഞതോടെ മേച്ചരിക്കുന്ന് പമ്പ് ഹൗസിൽ നിന്നുള്ള പമ്പിങ് ഉടൻ നിൽക്കാൻ സാധ്യത. പൈങ്കുളത്തു നിന്നുള്ള പമ്പിങ് ഒരു മാസമായി നിലച്ചിരിക്കുകയാണ്. ഒഴുക്ക് നിലച്ച ഭാരതപ്പുഴയിൽ വെള്ളമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. കെട്ടിനിൽക്കുന്ന വെള്ളം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
റെയിൽവേ മേൽപ്പാലം പുനർനിർമാണത്തിനായി പാലത്തിനടിയിൽ പുഴയിൽ താൽക്കാലിക റോഡ് നിർമ്മിച്ചിരിക്കുന്നു. ഇതിനായി ചെറുതുരുത്തി തടയണയിൽ നിന്ന് വെള്ളം ഒഴുക്കി വിട്ടതും വിനയായി.
പുഴയിൽ ചാല് കീറിയാൽ മാത്രമേ കെട്ടിക്കിടക്കുന്ന കിഴക്ക്- പടിഞ്ഞാറ് ഭാഗത്തുള്ള വെള്ളം പമ്പ് ഹൗസിന്റെ അടുത്തേക്ക് എത്തിക്കാൻ കഴിയുള്ളൂ. മേച്ചരിക്കുന്ന് പമ്പ് ഹൗസിലെ പമ്പിങ് മുടങ്ങിയാൽ അത് വള്ളത്തോൾ പഞ്ചായത്തുകളെ ബാധിക്കും.
പൈങ്കുളത്ത് നിന്നുള്ള പമ്പിങ് മുടങ്ങിയതോടെ ചേലക്കര, പാഞ്ഞാൾ, മുള്ളൂർക്കര തുടങ്ങിയ മൂന്നു പഞ്ചായത്തുകളിലേക്കും വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിലേക്കുള്ള ജലവിതരണം ഒരു മാസത്തിലേറെയായി മുടങ്ങിയിരിക്കുകയാണ്. ഭാരതപ്പുഴയിൽ കൂടുതൽ വെള്ളം എത്താൻ മലമ്പുഴ ഡാം തുറക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Read also :ആലപ്പുഴയുടെ വികസനം പൂർത്തീകരിക്കണമെങ്കിൽ ആരിഫ് തുടരണം