ചെന്നൈ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബിജെപി ഡിഎംകെയുടെ മാത്രം ശത്രുവല്ല, ജനങ്ങളുടെ മുഴുവൻ ശത്രുവാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ജനാധിപത്യം സംരക്ഷിക്കാൻ നടത്തുന്ന രണ്ടാം സ്വാതന്ത്ര്യ സമരമെന്നാണ് സ്റ്റാലിൻ വിശേഷിപ്പിക്കുന്നത്. ആരാണ് പ്രധാനമന്ത്രിയായി തുടരേണ്ടതെന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയെന്നനിലയിലുള്ള അധികാരം ഉപയോഗിച്ചും മാധ്യമ പ്രചരണങ്ങളിലൂടെയും തമിഴ്നാട്ടിൽ തങ്ങൾ ഇടം നേടുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ ജനങ്ങളുടെ വിധിയെഴുത്ത് ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും ഡിഎംകെ സർക്കാർ നിറവേറ്റി. പാർട്ടി വാഗ്ദാനം ചെയ്യാത്ത പദ്ധതികൾ പോലും നടപ്പാക്കി. മുൻ എഐഎഡിഎംകെ സർക്കാരിന്റെ കെടുകാര്യസ്ഥതയും കേന്ദ്രസർക്കാരിന്റെ ഫണ്ട് നിഷേധവുമാണ് എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്നതിൽ കാലതാമസമുണ്ടാക്കിയതെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ഒറ്റക്കെട്ടായി മത്സരിച്ചാൽ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന തിരിച്ചറിവുള്ളതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ വെവ്വേറെ മുന്നണികളായി നേരിടാൻ എഐഎഡിഎംകെയും ബിജെപിയും തമ്മിൽ മൗന ധാരണയണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ഇരു പാർട്ടികളും കൈകോർക്കും. ഇലക്ടറൽ ബോണ്ടുകളും സിഎജി റിപ്പോർട്ടുകളും ബിജെപിയുടെ അഴിമതി റെക്കോർഡ് തുറന്നുകാട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കച്ചത്തീവ് വിഷയത്തിൽ ബിജെപി കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. ശ്രീലങ്കയിൽ നിന്ന് ദ്വീപ് വീണ്ടെടുക്കാൻ ഒന്നും ചെയ്യാതെ പ്രധാനമന്ത്രി മുതലക്കണ്ണീർ ഒഴുക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഡിഎംകെയുടെ പ്രധാന എതിരാളി എഐഎഡിഎംകെയാണെങ്കിലും ഇന്ത്യാ സഖ്യത്തിന്റെ പ്രത്യയശാസ്ത്രപരമായ ശത്രു ബിജെപിയാണെന്നും എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.