തന്നെ വ്യക്തിപരമായി ആക്രമിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. എട്ട് കൊല്ലം സംസ്ഥാനം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. കടം വാങ്ങിയാണ് കേരളത്തില്‍ പെന്‍ഷന്‍ കൊടുക്കുന്നത്. കഴിഞ്ഞ 18 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കറുത്ത പാട് എനിക്കില്ല. പൊതുജീവിതത്തില്‍ അഭിമാനമുള്ളയാളാണ് താനെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചരിത്ര മാറ്റം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. രാജ്യം മുന്നേറുമ്പോള്‍ കേരളം പിന്നോട്ട് പോവുകയാണെന്ന് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പണിയല്ലേ ഈ വ്യക്തി അധിക്ഷേപം. നെഗറ്റീവ് രാഷ്ട്രീയക്കളി കോണ്‍ഗ്രസിന്റെ പണിയാണ്. എന്നാല്‍ അവസാനത്തില്‍ സത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചായയും സമൂസയും കഴിച്ച് ദില്ലിയിലിരിക്കുന്ന ഇന്ത്യ സഖ്യത്തിലെ രണ്ട് പാര്‍ട്ടികളല്ലേ കോണ്‍ഗ്രസും സിപിഎമ്മും എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 10 കൊല്ലത്തില്‍ ഇവര്‍ എവിടെയും ഒരു വികസനവും ചെയ്തിട്ടില്ല. ജനങ്ങളെ ഭയപ്പെടുത്തുക, അക്രമം നടത്തുക, നുണ പറയുക എന്നതാണ് ഇവരുടെ രാഷ്ട്രീയം. ബിജെപിയുടെ രാഷ്ട്രീയം പുരോഗതി, വികസനം, തൊഴില്‍, നിക്ഷേപം എന്നിവയാണ്. പറഞ്ഞത് ചെയ്യുന്ന സര്‍ക്കാരാണ് മോദി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.