മൊബൈൽ ഫോണിലെ OS അപ്‌ഡേറ്റുകൾ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഇന്ന് നമ്മളെല്ലാവരും സ്മാർട്ട് ഫോൺ ഉപയോഗിക്കാറുണ്ട്. സ്മാർട്ട് ഫോൺ ഇല്ലാത്ത ഒരു ലോകത്തെപ്പറ്റി ചിന്തിക്കാൻ പോലും പലർക്കും കഴിയില്ല. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് മൊബൈൽ ഫോണിലെ OS അപ്‌ഡേറ്റുകൾ. നമ്മുടെ ഫോണിന് ആവശ്യമായ ഒന്നാണ് OS അപ്‌ഡേറ്റുകൾ. നമ്മുടെ സന്തത സഹചാരിയായ സ്മാർട്ടഫോണിന്റെ ആരോഗ്യത്തെയും പ്രകടനത്തെയും സുരക്ഷയെയും സംരക്ഷിക്കേണ്ട കടമ നമുക്ക് തന്നെയാണ്. OS അപ്‌ഡേഷനെ കുറിച്ച് ചില കാര്യങ്ങൾ അറിയാം.

രണ്ട് തരം സോഫ്റ്റ് വെയർ അപ്ഡേറ്റുകളാണ് മൊബൈലിൽ ഉള്ളത്-വേർഷൻ അപ്‌ഡേറ്റുകളും സുരക്ഷ അല്ലെങ്കിൽ ഇൻക്രെമെന്റൽ അപ്ഡേറ്റുകളും. ഈ രണ്ട് സോഫ്റ്റ് വെയർ അപ്ഡേറ്റുകളും ഒരുപോലെ പ്രധാനമാണ്. വേർഷൻ അപ്ഡേറ്റുകൾക്ക് പൊതുവെ സൈസ് കൂടുതലാണ്. കൂടുതൽ മാറ്റങ്ങളും പുതിയ സവിശേഷതകളും കൊണ്ടുവരുന്നവയാണ് ഇവ. സുരക്ഷാ അപ്ഡേറ്റുകൾ താരതമ്യേന സൈസ് കുറവായതിനാൽ കാര്യമായ മാറ്റങ്ങൾ വരുത്തണമെന്നില്ല. എന്നിരുന്നാലും, സ്മാർട്ട്‌ഫോണിന് രണ്ടും ഒരുപോലെ പ്രധാനമാണ്.

സ്ഥിരതയാർന്ന ഒരു ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് കൊണ്ട് സോഫ്റ്റ് വെയർ അപ്‌ഡേറ്റുകൾ നടത്താൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പുതിയ അപ്‌ഡേറ്റ് വരുമ്പോൾ സിസ്റ്റം തന്നെ നോട്ടിഫിക്കേഷൻ നൽകും. ഇനി നോട്ടിഫിക്കേഷൻ കണ്ടിരുന്നില്ല എങ്കിൽ ഫോൺ സെറ്റിങ്‌സിൽ സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ഓപ്ഷൻ ഉണ്ട്. ഫോൺ അപ്‌ഡേറ്റഡ് ആണോ അല്ലയോയെന്ന കാര്യം അവിടെ നോക്കിയാൽ അറിയാം.