പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു.
ഈ മാസം 15ന് രാവിലെ 11.30 ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. തിരുവനന്തപുരത്തെയും ആറ്റങ്ങലിലെയും എൻഡിഎ സ്ഥാനാർത്ഥികളായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
എൻഡിഎ ബിജെപി നേതാക്കളും പ്രവർത്തകരും സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകളും പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ബിജെപിക്ക് ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ കഴിഞ്ഞ പ്രാവശ്യം മുതൽ ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലവും ഉൾപ്പെട്ടിട്ടുണ്ട്.
മോദിസർക്കാരിൽ വിജയകരമായ പ്രവർത്തനം കാഴ്ചവച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ കൂടുതൽ ഇടപെട്ടിരുന്നത് ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിലാണ്. അതുകൊണ്ട് തന്നെ അവിടത്തെ വിജയ സാധ്യത വർധിച്ചിട്ടുണ്ട്. അതിന് കൂടുതൽ ആത്മവിശ്വാസം പകർന്നു നൽകുന്നതിനു വേണ്ടിയാണ് ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിൽ പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി.പി. രാജേഷ് പറഞ്ഞു.
കഴിഞ്ഞ തവണ മോദി വന്നപ്പോൾ തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കേരളത്തിലെ മുഴുവൻ പ്രവർത്തകർക്കും ആവേശം നൽകുന്നതാണെന്നും വി.വി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി
രാജീവ് ചന്ദ്രശേഖറിന് വിവിധ മേഖലകളിൽ നിന്ന് മികച്ച പിന്തുണയാണ് കിട്ടുന്നത്.
കഴിഞ്ഞ ദിവസം എഞ്ചിനീയർമാരുടെ പിന്തുണ നൽകുന്നതിന് ആയിരത്തോളം പേരുടെ സമ്മേളനം നടത്തി. നരേന്ദ്രമോദിയുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് വിവിധ മേഖലയിലുള്ള എഞ്ചിനീയർമാരുടെ പിന്തുണ പ്രഖ്യാപിക്കാനാണ് ഒത്തുകൂടിയത്. അങ്ങനെയുള്ളവരുടെ പിന്തുണ വലിയ തോതിൽ ലഭിക്കുന്നത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുകയാണ്.
നരേന്ദ്രമോദി സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ സമൂഹത്തിൻ്റെ എല്ലാ മേഖലയിലും ലഭിക്കുന്നതിൻ്റെ പ്രതിഫലനമാണ് ഇതെന്നും വി.വി. രാജേഷ് പറഞ്ഞു