നല്ല ചൂട് ഇഡ്ഡലിയിൽ സാമ്പാർ ഒഴിച്ച്, കുറച്ചു ചമ്മന്തി കൂടി ഒഴിച്ച് കഴിച്ചാൽ അന്നത്തെ കാര്യം ഉഷാർ. എന്നാൽ ഉചിയ്ക്കപ്പുറം നിരവധി ഗുണങ്ങൾ ഇഡ്ഡലിക്കുണ്ട്
ഇഡ്ഡലിയുടെ ഗുണങ്ങൾ എന്തെല്ലാം?
ശരീരഭാരം
കുറയും എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. എണ്ണയുടെ ഉപയോഗം ലവലേശം ഇല്ലാതെയാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കാലറി തീരെ കുറവുള്ള ആഹാരം എന്ന നിലയിലും ആവിയിൽ പാകം ചെയ്‌തെടുക്കുന്ന ഭക്ഷണം എന്ന നിലയിലും ഇഡ്ഡലിക്കുള്ള ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്.
ഇഡ്ഡലിമാവ് തയ്യാറാക്കാൻ അരി ഒരു പ്രാധാനഘടകമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് പലരും ആശങ്കപ്പെടാറുണ്ട്. കാരണം മറ്റൊന്നുമല്ല, അരിയുടെ ഉപയോഗം ശരീരത്തിൽ കർബോഹൈഡ്രേറ്റിന്റെ അളവ് വർധിപ്പിക്കുമെന്ന ഭയം തന്നെ. പേടിക്കണ്ട. അരിയോടൊപ്പം അറയ്ക്കുന്ന ഉഴുന്ന് ഇതിനൊരു പരിഹാരമാണ്.
കാലറി കുറവ്
ആവിയിൽ വേവിച്ച് കഴിക്കുന്നതിനാൽ ഇഡ്ഡലിയിൽ നിന്ന് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും. എന്നാൽ അരിയുടെ ഉപയോഗം നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനും പോംവഴിയുണ്ട്.
ഇഡ്ഡലിക്കുള്ള മാവ് തയ്യാറാക്കുമ്പോൾ പച്ചക്കറികളോ മറ്റ് ആരോഗ്യഗുണങ്ങൾ ഏറെയുള്ള ധാന്യങ്ങളോ ഒപ്പം ചേർത്ത് അരയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അറിയിലൂടെ ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റിന്റെ അളവിനെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ഓർത്ത് ഭയക്കുകയും വേണ്ട, പച്ചക്കറികളുടെയും മറ്റ് ധാന്യങ്ങളുടെയും പോഷക ഗുണങ്ങൾ ശരീരത്തിന് ധാരാളമായി ലഭിക്കുകയും ചെയ്യും.
ദഹനപ്രക്രിയ എളുപ്പമാക്കുന്നു
പ്രഭാതഭക്ഷണങ്ങളിൽ ഇഡ്ഡലിയോളം എളുപ്പം ദഹനം സാധ്യമാക്കുന്ന ഭക്ഷണം വേറെയില്ല. കാരണം മറ്റൊന്നുമല്ല, മാവ് പുളിപ്പിച്ച് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ. ശരീരത്തിലെത്തുന്ന ധാതുക്കളെയും വിറ്റാമിനുകളെയും വിഘടിപ്പിക്കുന്നതു വഴി ദഹനപ്രക്രിയ സുഗമമാക്കപ്പെടുന്നു. ഒപ്പം ഇത്തരം ഭക്ഷണങ്ങളിടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ബാക്ടീരിയ കുടലിലെ pH ലെവൽ നിയന്ത്രണവിധേയമാക്കുന്നു.
ഫൈബർ, പ്രോട്ടീൻ എന്നിവയുടെ കലവറ
ഇഡ്ഡലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇഡ്ഡലിമാവിൽ ഓട്സ് ചേർത്ത് അരച്ചെടുക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്.
അമിത ഭക്ഷണം ഒഴിവാക്കാം
ദീർഘനേരം വിശപ്പ് ശമിപ്പിക്കാനും ഇഡലിക്ക് കഴിയും. അതായത് ഇടക്കിടക്ക് ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഉണ്ടാകില്ല എന്ന് ചുരുക്കം. ഇഡ്ഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീന്റെയും സാന്നിധ്യമാണ് ഇതിനു സഹായിക്കുന്നത്. അമിതഭക്ഷണം കഴിക്കാനുള്ള പ്രവണതയെ ഇത് തടയുന്നു.
കർബോഹൈഡ്രേറ്റിന്റെ അളവ്
മുമ്പ് സൂചിപ്പിച്ചത് പോലെ ഇഡ്ഡലിമാവിലുള്ള അരിയുടെ അളവ് മൂലം ശരീരഭാരം എങ്ങനെ കുറയുമെന്ന് ആശങ്കപ്പെടുന്നവർ ഉണ്ട്. എന്നാൽ ടെൻഷൻ വേണ്ട. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഓറഞ്ച് ജ്യൂസോ ഗ്രേപ്പ് ജ്യൂസോ പോലുള്ള ഏതെങ്കിലും സിട്രസ് ജ്യൂസിനോടൊപ്പം ഇഡ്ഡലി കഴിക്കുന്നത് ശരീരത്തിൽ അമിതമായുണ്ടാകുന്ന ഫാറ്റിനെ ബേൺ ചെയ്ത് കളയാൻ സഹായിക്കുന്നതിനോടൊപ്പം ശരീരത്തിലെ കർബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്നു.
അയണിന്റെ സാന്നിധ്യം
ഇഡ്ഡലിമാവിൽ അടങ്ങിയിരിക്കുന്ന ഉഴുന്നുപരിപ്പിന്റെ സാന്നിധ്യം ശരീരത്തിൽ അയണിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നെണ്ടെന്നാണ് ഗവേഷകർ പറയുന്നത്. സ്ഥിരമായി ഇഡ്ഡലി കഴിക്കുന്നതിലൂടെ സ്ത്രീകളിലും പുരുഷന്മാരിലും ദിവസേന വേണ്ട അയണിന്റെ ആവശ്യകത യഥാക്രമം 18 മില്ലിഗ്രാം (സ്ത്രീകൾ), 8 മില്ലിഗ്രാം (പുരുഷന്മാർ) എന്നിങ്ങനെ നിലനിർത്താൻ സഹായിക്കുന്നു.