ഡല്‍ഹി മദ്യനയ കേസ്:സി.ബി.ഐ തിഹാര്‍ ജയിലിനുള്ളില്‍ വെച്ച് കെ. കവിതയെ അറസ്റ്റുചെയ്തു

ബി.ആര്‍.എസ് നേതാവ് കെ. കവിതയെ തിഹാര്‍ ജയിലിനുള്ളില്‍ എത്തി അറസ്റ്റുചെയ്ത് സി.ബി.ഐ മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സി.ബി.ഐ കവിതയെ അറസ്റ്റുചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കവിതയെ കഴിഞ്ഞ ശനിയാഴ്ച ജയിലിനുള്ളില്‍ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളാണ് 46 വയസ്സുകാരിയായ കെ. കവിത. ഡല്‍ഹിയില്‍ പുതിയ മദ്യനയം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ആംആദ്മിക്ക് 100 കോടി നല്‍കിയ സൗത്ത് ഗ്രൂപ്പ് എന്ന കമ്പനിയുമായി കവിതയ്ക്ക് ബന്ധമുണ്ട് എന്നായിരുന്നു ആരോപണം. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ ചോദ്യംചെയ്യലിനായാണ് കവിതയെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.

ഹൈദരാബാദില്‍ നിന്ന് മാര്‍ച്ച് 15നാണ് ഇ.ഡി. കവിതയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കോടതിയില്‍ ഹാജരാക്കിയ കവിതയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്. പ്രത്യേക കോടതിയുടെ ഉത്തരവോടെയാണ് സി.ബി.ഐ. തിഹാര്‍ ജയിലിനുള്ളില്‍ കവിതയെ ചോദ്യംചെയ്തത്.