തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയുടെ കവിളില്‍ ചുംബിച്ച ബിജെപി എംപി ഖഗേന്‍ മുര്‍മു വിവാദത്തില്‍. ചുംബനത്തിന്റെ വിഡിയോ വൈറലായതോടെ മുര്‍മുവിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബംഗാളില്ലാണ് സംഭവം. സ്ത്രീവിരുദ്ധമായ നടപടിയാണ് മുര്‍മുവിന്റേതെന്ന് വൈറല്‍ വിഡിയോയില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് തൃണമൂല്‍ ആരോപിച്ചു.
‘നിങ്ങള്‍ കാണുന്നതെന്താണെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിശദീകരിക്കാം. മാല്‍ദ ഉത്തര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ഖഗേന്‍ മുര്‍മു എംപി പ്രചാരണത്തിനിടെ ഒരു യുവതിയെ ചുംബിക്കുന്ന ദൃശ്യങ്ങളാണിത്.’ ചിത്രങ്ങള്‍ പങ്കുവച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
എന്നാല്‍ സ്നേഹം കൊണ്ടാണ് എംപി അത്തരത്തില്‍ പെരുമാറിയതെന്ന് യുവതി മാധ്യമങ്ങളോടു പ്രതികരിച്ചു. എന്റെ പിതാവിന്റെ പ്രായമുള്ള ഒരാള്‍ സ്നേഹത്തോടെ കവിളില്‍ ഉമ്മ വച്ചു. ആളുകള്‍ എന്തുകൊണ്ടാണ് അതിനെ വൃത്തികെട്ട മനസോടെ കാണുന്നത്. എംപിയുടെ നടപടിയില്‍ തെറ്റൊന്നും ഇല്ല. യുവതി പറഞ്ഞു. ചുംബിച്ച യുവതിയെ ‘എന്റെ കുട്ടി’ എന്നാണ് മുര്‍മു വിശേഷിപ്പിച്ചത്. സിപിഎം എംഎല്‍എയായിരുന്ന മുര്‍മു 2019ല്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്.