സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത് ആദാ ശര്‍മ്മയെ നായികയാക്കി പുറത്തിറങ്ങിയ ദി കേരള സ്റ്റോറി കത്തിച്ചുവിട്ട വിവാദം കെട്ടടങ്ങാതെ കനല്‍ നീറി കിടക്കുകയാണ്. ചാരമാണെന്നു കരുതി ചവിട്ടിയാല്‍ പൊള്ളുമെന്ന സന്ദേശമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മനസ്സിലാക്കാനായത്. ഏപ്രില്‍ നാലിന് ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതോടെ കനല്‍ വീണ്ടും നീറാന്‍ തുടങ്ങി. പിന്നാലെ താമരശ്ശേരി രൂപതയുടെ എല്ലാ കെ.സി.വൈ.എം യൂണിറ്റുകളിലും കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചു. ഇതോടെ കേരളത്തിന്റെ സമസ്ത മേഖലയിലും ചര്‍ച്ചകള്‍ സജീവമായി. തെരഞ്ഞെടുപ്പെന്ന എരിതീയിലേക്ക് കേരള സ്റ്റോറിയെന്ന നെയ്യൊഴിച്ച് ആളിക്കത്തിച്ചിരിക്കുകയാണ് താമരശ്ശേരി രൂപത.
2022 നവംബറിലാണ് സിനിമയുടെ ടീസര്‍ പുറത്തിറങ്ങുന്നത്. സംസ്ഥാനത്ത് നിന്ന് 32,000 സ്ത്രീകളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും തീവ്രവാദി സംഘം റിക്രൂട്ട് ചെയ്യുകയും ചെയ്തു എന്നാണ് സിനിമ പറഞ്ഞുവെയ്ക്കുന്നത്. ഇത് പള്ളികളില്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ വിഭാഗത്തില്‍ തന്നെ ഭിന്നിപ്പുണ്ടായിട്ടുണ്ട്. സിനിമ നിരോധിക്കപ്പെട്ടതല്ലെന്നും, സമകാലിക സാമൂഹ്യ ചുറ്റുപാടില്‍ സിനിമയ്ക്ക് പ്രസക്തിയുണ്ടെന്നുമാണ് താമരശ്ശേരി രൂപതയുടെ നിലപാട്. അവര്‍ 320 ഓളം പേരെ ലൗ ജിഹാദില്‍ നിന്ന് രക്ഷിച്ചിട്ടുണ്ടെന്നും അവകാശപ്പെടുകയാണ്.
എന്നാല്‍, എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയില്‍ കേരള സ്റ്റോറിക്കു ബദലായി ‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിയണമെന്ന് പള്ളി വികാരി നിധിന്‍ പനവേലില്‍ പറയുകയാണ്. കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ഏതെങ്കിലും രൂപതയോ സഭയോ നല്ലത് പറഞ്ഞതുകൊണ്ട് അതില്‍ മാറ്റം വരില്ലെന്നും പള്ളി വികാരി പറയുന്നുണ്ട്. കത്തോലിക്കാ സഭയ്ക്കുള്ളില്‍ ഈ വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ശക്തമാണ്. പ്രണയക്കെണിക്കെതിരായ ബോധവല്‍ക്കരണം ആവശ്യമെന്ന് പറയുന്നവര്‍ തന്നെ കേരള സ്റ്റോറി സിനിമ ഏറ്റെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന അഭിപ്രായമാണ് അവര്‍ക്ക്.
അതേസമയം, കേരള സ്റ്റോറി സിനിമ പൊതുതെരഞ്ഞെടുപ്പ് കാലത്ത് ക്രൈസ്തവ സമൂഹം ഏറ്റെടുക്കുന്നത് അനുകൂലമാകുമെന്നാണ് എന്‍ഡിഎ നേതൃത്വം വിലയിരുത്തുന്നത്. കോണ്‍ഗ്രസ്സും, എല്‍.ഡി.എഫും, ലീഗും കേരള സ്‌റ്റോറിക്കെതിരേ ശക്തമായ വിയോജിപ്പും പ്രതിഷേധവും അറിയിച്ചു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരും ഇതിനെതിരേ പ്രതികരിച്ചു. സിനിമയ്‌ക്കെതിരെ കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂറും പാളയം ഇമാം വി.പി ശുഹൈബ് മൗലവിയും രംഗത്തെത്തി. കേരളത്തില്‍ പ്രണയത്തിന്റെ പേരില്‍ ജിഹാദില്ലെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ തയ്യാറാക്കിയ കേരള സ്റ്റോറി സിനിമ ജനങ്ങള്‍ അംഗീകരിക്കില്ല.
കേരള സ്റ്റോറിയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ഗവണ്‍മെന്റ് തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണ്. കള്ളം പ്രചരിപ്പിക്കുന്ന ആളുകളുടെ കയ്യിലെ ഉപകരണം ആകരുത്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഒന്നല്ല കലയെന്നും പാളയം ഇമാം വി.പി ശുഹൈബ് മൗലവി പറഞ്ഞു. അതേസമയം, ലൗ ജിഹാദ് ഒരു റിയല്‍ സ്റ്റോറിയാണെന്നും കേരള സ്റ്റോറി വിവാദമാക്കുന്നവര്‍ സ്ഥാപിത താല്‍പര്യക്കാരാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറയുന്നു. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശ്ശേരി ബിഷപ്പ് അഭിവന്ദ്യ മാര്‍ റെമിജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
കേരളാ സ്റ്റോറി സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തിലെ വലിയ വിഷയമായ ലൗ ജിഹാദും, ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റും തമസ്‌ക്കരിക്കുകയാണ്. മുസ്ലീം ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നത്. കേരളാ സ്റ്റോറി നടന്ന കഥയാണ്. അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവാദമാക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്.
കേരളത്തിലെ ആരോപണവിധേയമായ മതബോധനവും ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകളെ തീവ്ര ഇസ്ലാമിക പുരോഹിതന്മാര്‍ എങ്ങനെ ലക്ഷ്യമിടുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ് സിനിമ. ഈ സ്ത്രീകളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും പിന്നീട് അഫ്ഗാനിസ്ഥാന്‍, യെമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ‘ഇസ്ലാമിന്റെ ലക്ഷ്യത്തിനായി പോരാടാന്‍’ അയക്കുകയും ചെയ്തുവെന്ന് കേരള സ്റ്റോറി അവകാശപ്പെടുന്നു. ‘തീവ്രവാദികളെയാണ് സിനിമ ലക്ഷ്യമിടുന്നത്, മുഴുവന്‍ മുസ്ലീം സമുദായത്തെയും അല്ല’ എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.
അപ്പോഴും പെരുപ്പിച്ചു കാണിക്കുന്ന ഒരു കണക്കിനെ കുറിച്ചാണ് ആശങ്ക. കേരളത്തില്‍ നിന്ന് കാണാതായ 32,000 സ്ത്രീകളും ഐഎസില്‍ ചേര്‍ന്നോ. സിനിമ പച്ചക്കള്ളം പറയുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നിട്ടും കേരളത്തിലെ രണ്ടു രൂപതകള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായിരിക്കുന്നു. അപ്പോള്‍ എന്താണീ കേരള സ്റ്റോറിയെന്നത് വീണ്ടും പ്രസക്തമാവുകയാണ്. കാസര്‍ഗോഡുള്ള നഴ്‌സിംഗ് കോളേജിലേക്ക് എത്തുന്ന മൂന്ന് പെണ്‍കുട്ടികളെ ഒരു സംഘം ബ്രയിന്‍വാഷ് ചെയ്യുന്നതും, പ്രണയം നടിച്ച് വലയിലാക്കി മത പരിവര്‍ത്തനം ചെയ്യുന്നതും, അഫ്ഗാനിലേക്കും അവിടുന്ന് സിറിയയിലേക്കും കടത്തുന്നതുമാണ് ചിത്രത്തിന്റെ കഥ. ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെ ചോദ്യം ചെയ്യുന്നതായ രംഗത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്.
അഫ്ഗാന്‍ അതിര്‍ത്തിയാണ് പശ്ചാത്തലം. ശാലിനി എന്ന താന്‍ എങ്ങനെ ഫാത്തിമ ആയെന്നും, എങ്ങനെയാണ് അവിടെയെത്തിയതെന്നും അവള്‍ വിശദമാക്കുന്നു. ശാലിനിയുടേയും കൂട്ടുകാരികളുടേയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും, അവള്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയ ശേഷം നടന്നതും, ചോദ്യം ചെയ്യല്‍ രംഗങ്ങളും ഇടകലര്‍ത്തിയാണ് ചിത്രത്തിന്റെ അവതരണം. കഥാഗതി പൂര്‍ണ്ണമായും ഊഹിക്കാനാകും. എങ്കിലും കേട്ടറിവു മാത്രമുള്ള കാര്യങ്ങള്‍ എങ്ങനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചതെന്ന് അറിയേണ്ടതുണ്ട്. പക്ഷെ, വിഷയത്തേക്കുറിച്ച് പ്രേക്ഷകരേക്കാള്‍ അറിവൊന്നും സംവിധായകന് ഇല്ലെന്നാണ് മനസ്സിലാകുന്നത്.
ചിത്രത്തിനായി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് അവകാശവാദം. കേട്ടറിഞ്ഞ കുറേ സംഭവങ്ങള്‍ കോര്‍ത്തിണക്കിയതല്ലാതെ, കഥാപാത്രങ്ങള്‍ക്ക് വ്യക്തമായ രൂപം നല്‍കാനോ സന്ദര്‍ഭങ്ങളെ വിശ്വസനീയമായി അവതരിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. ആദാ ശര്‍മ്മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദാനി, പ്രണയ് പച്ചോരി, പ്രണവ് മിശ്ര, വിജയ് കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. വിപുല്‍ ഷാ നിര്‍മ്മിച്ച ചിത്രം ശ്രദ്ധ നേടിയത് അതിലെ ലൗ ജിഹാദ് ആശയത്താല്‍ വിവാദങ്ങള്‍ ഉടലെടുത്തപ്പോഴാണ്. കമ്മ്യൂണിസവും- മതേതരത്വവും പഠിപ്പിച്ച സമയത്ത് ഹിന്ദുത്വത്തിന്റെ മഹത്വം കുട്ടികളെ ബോധ്യപ്പെടുത്താത്തതിന്റെ ഫലമാണ് പെണ്‍കുട്ടികള്‍ ലൗ ജിഹാദ് പോലെയുള്ള കെണിയില്‍ അകപ്പെടുന്നതിന്റെ കാരണമായി സംവിധായകന്‍ പറയുന്നത്.
‘ദൈവത്തിന്റെ സ്വന്തം നാട് ഒരു ടൈം ബോംബിന് മുകളിലാണ്, അതിനെ രക്ഷിക്കൂ’ എന്നടക്കമുള്ള സംഭാഷണങ്ങളോട് നിഷ്പക്ഷ മലയാളിക്ക് യോജിക്കാനാകില്ല. വാര്‍ത്തകളിലൂടെ മാത്രം കേരളത്തെ അറിഞ്ഞിട്ടുള്ള ഉത്തരേന്ത്യക്കാരുടെ വീക്ഷണമാണ് കേരള സ്റ്റോറിയെന്ന സിനിമ.