കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സിഎംആർഎൽ ഉദ്യോഗസ്ഥരോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ ഹാജരായില്ല. പിന്നാലെയാണ് ശശിധരൻ കർത്തക്ക് കൂടി നോട്ടീസ് അയച്ചിരിക്കുന്നത്.
രേഖകളുമായി തിങ്കളാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് ശശിധരൻ കർത്തയോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആർഎല്ലിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ചതിന് ശേഷം മാത്രമേ അന്വേഷണം മറ്റുള്ളവരിലേക്ക് നീളുകയുള്ളൂവെന്ന് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതിന് ശേഷം മാത്രമാകും മുഖ്യനമന്ത്രിയുടെ മകൾ വീണാ വിജയൻ, എക്‌സാലോജിക് തുടങ്ങിയവർക്ക് നോട്ടീസ് അയക്കുക.
കേസിൽ ഇ.ഡി. നേരത്തെതന്നെ പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു. ആദായനികുതി വകുപ്പ് ഇന്‍ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായാണ് പരിശോധനകള്‍ നടത്തിയത്. ഈ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലേക്ക് ഇ.ഡി. കടന്നത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് സി.എം.ആര്‍.എല്‍. ഉദ്യോഗസ്ഥരോടും എം.ഡിയോടും ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായി എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കൂടുതല്‍പ്പേര്‍ക്കും ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നാണ് വിവരം.