ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ. വിഘടനവാദ മുദ്രാവാക്യം വിളിക്കുന്ന ആളുകൾക്കൊപ്പം കോൺഗ്രസും ഒരു മുന്നണി പാർട്ടിയായി മാറിയെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു.
തമിഴ്‌നാട്ടിൽ കോൺഗ്രസിന്റ സ്ഥാനം എവിടെയാണ്. ആന്ധ്രയിലും ഒഡിഷയിലും എവിടെയാണെന്നും നിർമ്മലാ സീതാരാമൻ ചോദിച്ചു. ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സ്വാധീനം കുറയുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നിർമ്മലാ സീതാരാമൻ. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് കൈമാറ്റം സംബന്ധിച്ച് കേരളം, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചതിനെ കുറിച്ചും ധനമന്ത്രി പ്രതികരിച്ചു.
ചില സംസ്ഥാനങ്ങൾ ബജറ്റ് ഇതര കടം വാങ്ങുന്നത് സംബന്ധിച്ച് സിഎജി ആശങ്ക ഉന്നയിച്ചതിനെ തുടർന്നാണ് കടമെടുപ്പ് ചട്ടങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. ഇത് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കർണാടക വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകുന്ന മുറയ്ക്ക് ഫണ്ട് അനുവദിക്കുമെന്നും നിർമ്മലാ സീതാരാമൻ ചൂണ്ടിക്കാട്ടി. ഇലക്ടറൽ ബോണ്ടുകൾ മുൻകാല ഇലക്ടറൽ ഫണ്ടിംഗ് സമ്പ്രദായത്തേക്കാൾ മെച്ചമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.