പൂനെ: ട്രാഫിക് സിഗ്നലുകളിൽ ട്രാൻസ്‌ജെൻഡറുകൾ പണം ആവശ്യപ്പെടരുതെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ച് പോലീസ്. പൂനെ പോലീസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പൂനെ കമ്മിഷണർ അമിതേഷ് കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പോലീസിന് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
സിആർപിസി 144 വകുപ്പ് പ്രകാരമാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ആഘോഷങ്ങളിലും ജനന, മരണ വേളകളിലും ട്രാൻസ്‌ജെൻഡറുകൾ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കുന്നതും, ആളുകൾ നൽകുന്നതിലും കൂടുതൽ പണം അവരിൽ നിന്ന് നിർബന്ധപൂർവം ആവശ്യപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷണിക്കപ്പെടാതെയുള്ള അത്തരം ഗൃഹ സന്ദർശനങ്ങളും നിരോധിച്ചതായി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ 188, 143, 144, 147, 159, 268, 384, 385, 503, 504, 506 എന്നീ വകുപ്പുകൾ പ്രകാരവും അല്ലെങ്കിൽ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ വകുപ്പുകൾ ചുമത്തിയും കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മെയ് 11 വരെ ഉത്തരവ് പ്രാബല്യ്ത്തിലുണ്ടാകും.