ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും വിവരാവകാശ നിയമ പ്രകാരം നൽകാനാകില്ലെന്ന് എസ്.ബി.ഐ. രേഖകൾ ഉണ്ടെങ്കിലും അത് വിശ്വാസയോഗ്യമായ ശേഷിയിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളാണെന്നാണ് എസ്ബിഐയുടെ വാദം. ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ മുഴുവൻ രേഖകളും തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നു.
വിവരാകാശ പ്രവർത്തകനായ കമ്മഡോർ ലോകേഷ് ബത്ര ഇലക്ടറൽ ബോണ്ടുകളുടെ മുഴുവൻ ഡാറ്റയും ആവശ്യപ്പെട്ട് എസ്ബിഐയെ സമീപിച്ചിരുന്നു. എന്നാൽ വിവരാകാശ നിയമപ്രകാരം നൽകിയിട്ടുള്ള രണ്ട് ഇളവ് വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി വിവരങ്ങൾ കൈമാറാൻ എസ്ബിഐ വിസമ്മതിക്കുകയായിരുന്നു. വിശ്വാസ യോഗ്യമായ രേഖകളുമായി ബന്ധപ്പെട്ടതും, വ്യക്തിഗത വിവരങ്ങൾ തടഞ്ഞു വെക്കാൻ അനുവദിക്കുന്നതുമായ വ്യവസ്ഥകളാണ് എസ്ബിഐ ചൂണ്ടിക്കാട്ടിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഇതിനകം ലഭ്യമായ വിവരങ്ങൾ വെളിപ്പെടുത്താൻ എസ്ബിഐ വിസമ്മതിച്ചത് വിചിത്രമാണെന്ന് ലോകേഷ് ബത്ര പിടിഐയോട് പറഞ്ഞു. കഴിഞ്ഞ മാസം14ന് ഇലക്ടറൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്ന ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.