കൊച്ചി: കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനെ എട്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു. ഇ ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്ന് പി കെ ബിജു പറഞ്ഞു. രാവിലെ പത്തരയോടെയാണ് പി കെ ബിജു കൊച്ചിയിലെ ഇ ഡി ഓഫീസിൽ എത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് പി കെ ബിജുവിനെ ചോദ്യം ചെയ്യുന്നത്.
കേസിലെ മുഖ്യപ്രതി സതീഷ് കുമാർ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയതായി സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. പണം വാങ്ങിയ കാര്യം ബിജു ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ആർസി ബുക്ക് പണയം വെച്ചാണ് പണം വാങ്ങിയതെന്നും ഈ പണം തിരിച്ച് നൽകിയിട്ടില്ലെന്നും ബിജു മൊഴി നൽകി.
അതേസമയം, തൃശ്ശൂരിൽ ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ടീം മരവിപ്പിച്ച ബാങ്ക് ഓഫ് ഇന്ത്യയിലെ രണ്ട് അക്കൗണ്ടിന് പുറമെ മറ്റ് സഹകരണ ബാങ്കുകളിലടക്കമുള്ള 81 അക്കൗണ്ടുകൾ കൂടി ഇഡി പരിശോധിക്കുന്നുണ്ട്. 101 ഇടങ്ങളിൽ കെട്ടിടവും ഭൂമിയുമുണ്ട്. ഇതിൽ ആറിടത്തെ സ്വത്തുകള്‍ വിറ്റഴിച്ചു. ഈ വിവരങ്ങളാണ് വർഗീസ് ഇഡിയ്ക്ക് നൽകിയിട്ടുള്ളത്. 1000 ലേറെ വരുന്ന ബ്രാഞ്ച് കമ്മിറ്റികളുടേതോ, 250 ഓളം വരുന്ന ലോക്കൽ കമ്മിറ്റിയുടേതോ മറ്റ് സ്വത്ത് വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. ഇത് സംബന്ധിച്ച് ഇഡി പരിശോധന നടക്കുന്നുണ്ട്. എന്നാൽ ഒന്നും മറച്ച് വെച്ചിട്ടില്ലെന്നാണ് വർഗീസ് പറയുന്നത്.