കൊച്ചി: പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽനിന്നും അൻവറിനെ ഒഴിവാക്കിയതിൽ ഇടപെട്ട് ഹൈക്കോടതി. അൻവറിനെ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. പരാതി പരിശോധിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം
2018 ഡിസംബർ എട്ടിന് രാത്രി ആലുവ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ 19 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 6.5 ലിറ്റർ ബിയറും പിടിച്ചെടുത്തിട്ടും അൻവറിനെ ഒഴിവാക്കിയെന്ന് സാമൂഹിക പ്രവർത്തകൻ മലപ്പുറം ചേലേമ്പ്ര സ്വദേശി കെ.വി. ഷാജിയുടെ ഹരജിയിൽ പറയുന്നു. ലൈസൻസ് ഇല്ലാതെ മദ്യം സൂക്ഷിച്ച് സൽക്കാരം നടത്തുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിൽ അഞ്ചുപേരെ പിടികൂടിയെങ്കിലും കുറ്റപത്രത്തിൽ അൻവറിന്‍റെ പേരുണ്ടായിരുന്നില്ല.
അബ്കാരിചട്ടം 64 എ പ്രകാരം ഗുരുതര കുറ്റമായിട്ടും ഉടമയെ ഒഴിവാക്കി കെട്ടിടം സൂക്ഷിപ്പുകാരനായ അലി അക്ബറിനെ സാക്ഷിയാക്കിയാണ് എക്‌സൈസ് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപിച്ചാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.