ജയ്പുർ: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷം ഒരു ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ന്യായ് പത്ര്’ എന്ന കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ മഹാലക്ഷ്മി സംരഭത്തെ സംബന്ധിച്ച് രാജസ്ഥാനിലെ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
നിങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ആണെങ്കിൽ വർഷം ഒരു ലക്ഷം രൂപ (മാസം 8500) നൽകി ഒറ്റയടിക്ക് ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രകടനപത്രികയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കർഷകർക്ക് നികുതി നൽകേണ്ടിവന്നത്. കർഷകരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ദരിദ്രരുടെയും വിഷയം ചർച്ചചെയ്യാൻ താൽപര്യമില്ലാത്ത ബിജെപി, ജനശ്രദ്ധ തിരിക്കുകയാണെന്നും മോദി സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷക്കാലം അഴിമതി വലിയ തോതിൽ വർധിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി അടുത്തയാഴ്ച കേരളത്തിലെത്തും. 15, 16 തീയതികളിലായാണ് രാഹുൽ മണ്ഡല പര്യടനം നടത്തുക. 15ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി അന്ന് സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും.
പുൽപ്പള്ളിയിൽ കർഷക സംഗമത്തിലും കൽപ്പറ്റയിൽ തൊഴിലാളി സംഗമത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. അന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന രാഹുൽ ഗാന്ധി 16ന് രാവിലെ 9.30 മുതൽ തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും.