കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ തോമസ് ഐസക്കിനെതിരെ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.
ഐസക്കിന്റെ ചോദ്യം ചെയ്യൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മതിയെന്ന് ഇഡിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. മസാലബോണ്ടുമായി ബന്ധപ്പെട്ട് ചില ഇടപാടുകൾക്ക് തോമസ് ഐസകിൽ നിന്നും വിശദീകരണം വേണമെന്നും എന്നാൽ ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ ഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കിയിട്ടുണ്ട്. ഹർജി മേയ് 22 ന് പരിഗണിക്കും.
കേസിൽ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതകൾ വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചില രേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ രേഖകൾ പരിശോധിച്ചശേഷം ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്കായി ഐസക്കിന്റെ വിശദീകരണം ആവശ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത് ഐസക്കിനെ വിളിച്ചുവരുത്തിശേഷം വേണമോ അതോ രേഖാമൂലം മതിയോ എന്ന് ഇ.ഡിക്ക് തീരുമാനിക്കാം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഐസക്കിനെ ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ലെന്നും മറ്റൊരു ദിവസം ഹാജരാകാനുള്ള തീയതി ഐസക് അറിയിക്കണമെന്നും ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടു.
മസാലബോണ്ടുപയോഗിച്ച് ഭൂമി വാങ്ങാൻ റിസർവ്വ് ബാങ്ക് അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ചട്ടവിരുദ്ധമായി ഭൂമി വാങ്ങിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിൽ തോമസ് ഐസകിന്റെ പങ്കിന് തെളിവുള്ളതായും ഇഡി അവകാശപ്പെടുന്നു.