ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ ജയം. 7 വിക്കറ്റിനാണ് മുംബൈ ആർസിബിയെ വീഴ്ത്തിയത്. ആർസിബി മുന്നോട്ടുവച്ച 197 റൺസ് വിജയലക്ഷ്യം 15.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. 69 റൺസ് നേടിയ ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ്പ് സ്കോറർ. സീസണില്‍ മുംബൈയുടെ രണ്ടാം ജയവും ആര്‍സിബിയുടെ അഞ്ചാം തോല്‍വിയുമാണിത്.
ഓപ്പണിങ് വിക്കറ്റില്‍ 53 പന്തില്‍ നിന്ന് ഇഷാന്‍ കിഷന്‍ – രോഹിത് ശര്‍മ സഖ്യം 101 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ കളി മുംബൈയുടെ കൈയിലായിരുന്നു. 34 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഏഴ് ഫോറുമടക്കം 69 റണ്‍സുമായി മടങ്ങിയ ഇഷാനായിരുന്നു കൂടുതല്‍ അപകടകാരി. ഇഷാന്‍ അടിച്ചുതകര്‍ക്കുമ്പോള്‍ ക്ഷമയോടെ കളിച്ച രോഹിത് 24 പന്തില്‍ നിന്ന് മൂന്നു വീതം സിക്‌സും ഫോറുമടക്കം 38 റണ്‍സെടുത്ത് മടങ്ങി.
പരിക്കുമാറി തിരികെയെത്തി ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ സൂര്യകുമാറിന്റെ താണ്ഡവമായിരുന്നു പിന്നീട് വാങ്കെഡെയില്‍. വെറും 19 പന്തുകള്‍ മാത്രം കളിച്ച സൂര്യ നാല് സിക്‌സും അഞ്ച് ഫോറുമടക്കം 52 റണ്‍സെടുത്തു. ഫിഫ്റ്റിക്ക് പിന്നാലെ താരം വിജയകുമാർ വൈശാഖിൻ്റെ പന്തിൽ വീണു. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ നേടി ഹാർദികും ബൗണ്ടറി നേടി തിലകും നയം വ്യക്തമാക്കി. ഒരു തകർപ്പൻ ഷോട്ടിലൂടെ സിക്സർ നേടി ഹാർദിക് ആണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. ഹാർദികും ( 6 പന്തിൽ 21) തിലകും (10 പന്തിൽ 16) നോട്ടൗട്ടാണ്.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 196 റൺസ് നേടിയത്. 40 പന്തിൽ 61 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. , പടിദാർ(26 പന്തിൽ 50), ദിനേശ് കാർത്തിക് (23 പന്തിൽ 53) എന്നിവർ ബെംഗളൂരുവിനായി അർധ സെഞ്ച്വറി നേടി.
കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയെ സ്‌കോർ ബോർഡിൽ 14 റൺസ് തെളിയുമ്പോഴേക്ക് നഷ്ടമായി. മൂന്ന് റൺസെടുത്ത താരത്തെ ജസ്പ്രീത് ബുംറ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചു. ഓസീസ് താരം കാമറൂൺ ഗ്രീനിന് പകരം ടീമിൽ ഇടംപിടിച്ച ഇംഗ്ലീഷ് താരം വിൽ ജാക്‌സ്(8)നെ ആകാശ് മധ്വാൾ മടക്കി. ഇതോടെ ടീം പ്രതിരോധത്തിലേക്ക് നീങ്ങി. എന്നാൽ ഒരറ്റത്ത് ആംഗൾ റോളിൽ കളിച്ച ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. മറുവശത്ത് രജത് പടിദാറും മികച്ച പിന്തുണ നൽകിയതോടെ മധ്യ ഓവറുകളിൽ സന്ദർശകരുടെ സ്‌കോറിംഗ് വേഗംകൂടി.
മുൻ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ പടിദാർ ഫോമിലേക്കുയർന്നത് പ്രതീക്ഷ നൽകുന്നതായി. എന്നാൽ സ്‌കോർ 105ൽ നിൽക്കെ പടിദാറിനെ ജെറാഡ് ക്വാർട്‌സി പുറത്താക്കി. തുടർന്ന് ഇറങ്ങിയ ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെൽ പൂജ്യത്തിന് മടങ്ങി. തുടർന്ന് ക്രീസിലെത്തിയ ദിനേശ് കാർത്തിക് മുൻ മത്സരങ്ങളിലെ ഫോം തുടർന്നു. ആകാശ് മധ്വാൾ എറിഞ്ഞ 20ാം ഓവറിൽ രണ്ട് സിക്‌സും ബൗണ്ടറിയും സഹിതം 19 റൺസാണ് ഡികെ നേടിയത്. മറുവശത്ത് ജസ്പ്രീത് ബുംറ വാലറ്റവിക്കറ്റുകൾ വീഴ്ത്തുമ്പോഴും ക്രീസിൽ ഉറച്ചുനിന്ന കാർത്തിക് ബെംഗളൂരുവിനെ മികച്ച സ്‌കോറിലേക്കെത്തിച്ചു.