കീവ്: യുക്രെയ്ന്‍ നഗരമായ കീവിനു സമീപമുള്ള വൈദ്യുതനിലയം റഷ്യ ആക്രമണത്തിൽ തകർത്തു. ഇതോടെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളും ഇരുട്ടിലായി. കിഴക്കൻ യുക്രെയ്നിലെ ഹർകീവ് പ്രവിശ്യയിലെ 2 ലക്ഷത്തോളം പേരെ ബാധിച്ചെന്നാണു വിലയിരുത്തൽ. സാപോറീഷ്യ, ലിവ്യു എന്നിവിടങ്ങളിലും കനത്ത മിസൈൽ ആക്രമണമുണ്ടായി. കീവിനു സമീപം ട്രൈപിൽസ്കയിൽ കൽക്കരി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്ലാന്റാണ് റഷ്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്നലെ പുലർച്ചെ ആക്രമിച്ചത്. 1800 മെഗാവാട്ട് ശേഷിയുള്ള നിലയം സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വൈദ്യുതോൽപാദന കേന്ദ്രമായിരുന്നു.
വൈദ്യുതനിലയം ആക്രമിച്ചതിനെ ‘ഭീകരത’ എന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വിശേഷിപ്പിച്ചത്. 2 വർഷത്തിനിടയിൽ യുക്രെയ്നിനു നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് സൈനികോദ്യോഗസ്ഥർ പറഞ്ഞു. തങ്ങളുടെ ഇന്ധനസംവിധാനങ്ങൾക്കു നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിനു തിരിച്ചടിയായിരുന്നു ആക്രമണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. 82 മിസൈലുകൾ ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണമെന്നും 18 മിസൈലുകളും 39 ഡ്രോണുകളും വെടിവച്ചു വീഴ്ത്തിയെന്നും യുക്രെയ്ൻ അവകാശപ്പെട്ടു.
റഷ്യ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ അടിയന്തര വ്യോമപ്രതിരോധ സാമഗ്രികൾ അനുവദിക്കാൻ യുക്രെയ്ൻ പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർഥിച്ചു. ഇതിനിടെ, യുദ്ധരംഗത്തേക്ക് കൂടുതൽ സൈനികരെ നിയോഗിക്കാൻ ലക്ഷ്യമിട്ട് നിർബന്ധിത സൈനികസേവനത്തിനുള്ള പ്രായം യുക്രെയ്ൻ പാർലമെന്റ് 25 ആയി കുറച്ചു. നേരത്തേ ഇത് 27 ആയിരുന്നു.