മാങ്ങാക്കാലമാണല്ലോ അല്ലെ, അതുകൊണ്ട് തന്നെ മാങ്ങ കിട്ടാൻ വലിയ ബുദ്ധിമുട്ട് ഒന്നുമില്ല. വീട്ടിലും നാട്ടിലുമെല്ലാം മാങ്ങ കൊണ്ട് ആറാട്ട് ആയിരിക്കും. മാങ്ങാ സീസൺ ആയാൽ മാമ്പഴം കൊണ്ടുള്ള വിഭവങ്ങളുടെ എണ്ണവും കൂടും. മാങ്ങാ കറി, മാങ്ങാ അച്ചാർ, മംഗോ ജ്യൂസ്.. അങ്ങനെ അങ്ങനെ പോകുന്നു വിഭവങ്ങളുടെ ലിസ്റ്റ്. ഇന്ന് മാങ്ങാ കൊണ്ട് ഒരു അടിപൊളി മംഗോ കേക്ക് പുഡ്ഡിംഗ് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പഴുത്ത മാങ്ങ -1 ½ കപ്പ് (അരച്ചെടുക്കുക)
- വിപ്പിങ് ക്രീം (തണുപ്പിച്ചത്) -1 ½ കപ്പ്
- വിപ്പിങ് പൗഡർ -1 പാക്കറ്റ് (36 ഗ്രാം)
- കണ്ടൻസ്ഡ് മിൽക്ക് -½ കപ്പ്
- ഫ്രഷ് ക്രീം -½ കപ്പ്
- പൊടിച്ച പഞ്ചസാര -¼ കപ്പ്
- വാനില എസ്സൻസ് -1 ടീസ്പൂൺ
- പഞ്ചസാര സിറപ്പ് -¼ കപ്പ്
- വാനില കേക്ക് -ആവശ്യത്തിന്
- ചോക്കലറ്റ് സോസ്, ചോക്കലറ്റ് -അലങ്കരിക്കാൻ
- ചെറി -8-10
തയാറാക്കുന്ന വിധം
തണുപ്പിച്ച പാത്രത്തിൽ വിപ്പിങ് ക്രീമും വിപ്പിങ് പൗഡറും നന്നായി വിപ്പ് ചെയ്യുക. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക്, ഫ്രഷ് ക്രീം, പൊടിച്ച പഞ്ചസാര, വാനില എസ്സൻസ് എന്നിവ ചേർത്ത് വീണ്ടും വിപ്പ് ചെയ്യുക. ഇതിലേക്ക് മാംഗോ പ്യൂരി ചേർത്ത് നന്നായി യോജിപ്പിക്കുക. ഡിസേർട്ട് ഡിഷിൽ വാനില കേക്ക് വച്ച് ഒരു ലെയർ ആക്കുക. കേക്കിലുടനീളം പഞ്ചസാര സിറപ്പ് ഒഴിച്ച് തയാറാക്കി വച്ചിരിക്കുന്ന മാംഗോ ക്രീം, വാനില കേക്കിന് മുകളിൽ ലെയർ ചെയ്യുക. റിസർവ് ചെയ്ത കേക്ക് നുറുക്കുകൾ, ചോക്കലേറ്റ് സോസ്, ചോക്കലറ്റ്, ചെറി എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. റഫ്രിജറേറ്ററിൽ വെച്ച് ഏകദേശം 3-4 മണിക്കൂർ തണുപ്പിച്ച ശേഷം സേർവ് ചെയ്യാം.