ദി കേരള സ്റ്റോറി എന്ന എ സര്‍ട്ടിഫിക്കറ്റ് ചിത്രം കുട്ടികളെ എങ്ങനെ ഇടുക്കി രൂപത കാണിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക്ക സഭയിലെ ഒരുവിഭാഗം പ്രമുഖര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ഇടുക്കി രൂപതയില്‍ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. സിനിമ സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കാനുള്ള ഹിന്ദുത്വ ആശയ ചിത്രമാണെന്നും ക്രിസ്തുവിന്റെ സന്ദേശത്തിനും സഭയുടെ ആശയങ്ങള്‍ക്കും വിരുദ്ധമാണെന്നും കത്തോലിക്ക സഭയിലെ ഒരു വിഭാഗം പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.
സ്‌നേഹവും സമാധാനവും പഠിപ്പിക്കുന്നതില്‍ പരാജയപ്പെട്ട രൂപതയുടെ നടപടി കുട്ടികളില്‍ വിദ്വേഷം നിറക്കുന്നതാണെന്നും പ്രസ്താവനയില്‍ ചൂണ്ടികാട്ടി. എ സര്‍ട്ടിഫിക്കറ്റ് ചിത്രം കുട്ടികളെ എങ്ങനെ രൂപത കാണിച്ചുവെന്നും പ്രസ്താവനയില്‍ വിമര്‍ശിച്ചു. രാജ്യത്തിന്റ ഭാവി അപകടത്തിലായ സമയത്തെ നടപടിയെ അപലപിക്കുന്നുവെന്നും സംയുക്ത പ്രസ്താവനയിലൂടെ കത്തോലിക്ക സഭയിലെ പ്രമുഖര്‍ വ്യക്തമാക്കി.
കേരളാ സ്‌റ്റോറി ഇടുക്കി രൂപത എല്ലാ പള്ളികളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് താമരശ്ശേരി രൂപതയുടെ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതോടെ സാമൂഹ്യ രാഷട്രീയ മേഖലയില്‍ സജീവ ചര്‍ച്ചകളും ഭിന്നാഭിപ്രായങ്ങളും രൂപപ്പെട്ടു. സര്‍ക്കാരും ഇടതുപക്ഷ മുന്നണിയും ഇതിനെ നഖശിഖാന്തം എതിര്‍ത്തു. പ്രതിപക്ഷവും എതിര്‍ത്തു. മതസ്പര്‍ദ്ദ വളര്‍ത്താനേ ഇത് ഉപകരിക്കൂവെന്നും നിലപാടെടുത്തു.
അതേസമയം, ലൗ ജിഹാദ് യഥാര്‍ഥ സ്‌റ്റോറിയാണെന്ന് ബി.ജെ.പി പറയുന്നു. കേരള സ്റ്റോറിയെ ഭയക്കുന്നത് വര്‍ഗീയതയെ വളര്‍ത്തുന്നവരാണെന്നും ബി.ജെ.പി. പ്രണയക്കെണിക്ക് എതിരേ ബോധവത്ക്കരണം മാത്രമാണ് കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ചതു കൊണ്ട് ഉദ്ദേശിച്ചതെന്നും, ഇതില്‍ രാഷ്ട്രീയമില്ലെന്നും താമരശ്ശേരി രൂപത പ്രതികരിച്ചു. എന്നാല്‍, കേരളസ്റ്റോറി, കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള പച്ച നുണയാണെന്നും ആര്‍.എസ്.എസിന്റെ കെണിയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടത് ലവ് സ്‌റ്റോറികളാണെന്നും ഹേറ്റ് സ്‌റ്റോറികളല്ലെന്നും ഗീവര്‍ഗീസ് കുറിലോസ് പ്രതികരിച്ചു. മതവിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന കേരളസ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അിരൂപത നിലപാട് വ്യക്തമാക്കി. കേരളാ സ്റ്റോറിക്കു പകരം മണിപ്പൂര്‍ സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപത തീരുമാനമെടുത്തത് വേറിട്ട പ്രതിഷേധവുമായി.