ബ്രേക്ഫാസ്റ്റിന് ദോശയും പത്തിരിയുമെല്ലാം കഴിച്ച് മടുത്തോ? എന്നാൽ ഈ ഊത്തപ്പം പരീക്ഷിച്ചാലോ

ബ്രേക്ഫാസ്റ്റിന് ദോശയും പത്തിരിയുമെല്ലാം കഴിച്ച് മടുത്തുവെന്ന് പറയുന്ന വീട്ടുകാര്‍ക്ക് ഇതാ ഒരു കിടിലൻ റെസിപ്പി. ദേശമാവ് കൊണ്ട് വെറൈറ്റി ആയി ഉണ്ടാക്കി കൊടുക്കാവുന്ന ഒരു അടിപൊളി ഭക്ഷണമാണ് ഊത്തപ്പം. മിക്ക വീടുകളിലും ഊത്തപ്പം ഉണ്ടാക്കാറുണ്ടെങ്കിലും ദോശ പോലെ അടുക്കളയിലെ നിറസാന്നിധ്യമല്ല ഊത്തപ്പം. ദോശ അല്‍പ്പം കട്ടിയായി ഉണ്ടാക്കി അതിനുമുകളില്‍ പച്ചക്കറികളെന്തെങ്കിലും വിതറിയാണ് ഇത് തയ്യറാക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ ദോശയേക്കാള്‍ ഊത്തപ്പമാണ് മുമ്പില്‍.

ആവശ്യമായ ചേ​രു​വ​ക​ൾ

  • ദോശമാവ് – നാല് കപ്പ്
  • സവാള – മൂന്ന് കപ്പ് ചെറുതായി അരിഞ്ഞ
  • തക്കാളി – മൂന്ന് കപ്പ് ചെറുതായി അരിഞ്ഞ
  • പച്ചമുളക് – അരക്കപ്പ് ചെറുതായി അരിഞ്ഞ
  • മല്ലിയില – ഒന്നരക്കപ്പ് ചെറുതായി അരിഞ്ഞ
  • ഇഞ്ചി – 3 ടീസ്പൂണ്‍
  • കറിവേപ്പില – 3 ടീസ്പൂണ്‍ ചെറുതായി അരിഞ്ഞത്
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്

ത​യാ​റാ​ക്കു​ന്ന വി​ധം

അടുപ്പില്‍ ദോശത്തട്ട് വെച്ച് ചൂടാക്കുക. ഒരു തവി ദോശമാവ് കോരിയൊഴിക്കുക. ദോശ പോലെ അധികം പരത്തേണ്ട ആവശ്യമില്ല. 45 സെക്കന്‍ഡ് നേരം മീഡിയം തീയില്‍ വേവിക്കുക. നേരത്തെ അരിഞ്ഞുവെച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക്, ഇലകള്‍, ഇഞ്ചി എന്നിവ മിക്‌സ് ചെയ്ത് ആവശ്യത്തിനെടുത്ത് ഊത്തപ്പത്തിന് മുകളില്‍ വിതറി, തവി കൊണ്ട് അമര്‍ത്തുക. ഇതിന് മുകളിലായി വെളിച്ചെണ്ണ ഒഴിക്കുക. രണ്ട് മിനിട്ട് വേവിക്കുക. രണ്ട് മിനിട്ടിന് ശേഷം ഊത്തപ്പം തിരിച്ചിട്ട് അരികില്‍ അല്‍പ്പം കൂടി എണ്ണ ഒഴിച്ച് തവി കൊണ്ട് അമര്‍ത്തി രണ്ട് മിനിട്ടുകൂടി വേവിക്കുക. ഊത്തപ്പം തയ്യാര്‍. ഇങ്ങനെ ഓരോ ഊത്തപ്പമായി തയ്യാറാക്കിയെടുക്കുക. ഊത്തപ്പത്തിനൊപ്പം സാമ്പാര്‍, തേങ്ങാ ചട്ണി എന്നിവയാണ് കോമ്പിനേഷന്‍